
ആലുവ: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് കവർച്ചയ്ക്ക് ശ്രമിച്ച സംഭവത്തിൽ സി.സി ടി.വി ദൃശ്യം സഹിതം പരാതി നൽകിയിട്ടും പൊലീസ് സ്ഥലത്തെത്തിയത് ജില്ലാ പൊലീസ് മേധാവി ഇടപെട്ട ശേഷം. ശനിയാഴ്ച രാത്രി എട്ടോടെ മണപ്പുറം റോഡിൽ പുന്നോർക്കോട്ട് ബിജു മൻസിലിൽ മുഹമ്മദ് കുഞ്ഞിന്റെ വീട്ടിലാണ് സ്ത്രീവേഷധാരികൾ ഉൾപ്പെടെ അഞ്ചംഗ സംഘത്തിന്റെ കവർച്ചാശ്രമം നടന്നത്. തൃശൂരിലായിരുന്ന കുടുംബം ഞായറാഴ്ച്ച തിരിച്ചെത്തി കാമറ ദൃശ്യങ്ങൾ ശേഖരിച്ച് തിങ്കളാഴ്ച്ച രാവിലെ സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ ഇന്നലെ രാത്രി എട്ട് മണി വരെ പൊലീസ് ഈ വീട്ടിലേക്ക് തിരിഞ്ഞുനോക്കിയില്ല. വാതിൽ കുത്തിപ്പൊളിക്കാൻ ശ്രമിച്ച സ്ഥലത്ത് വിരലടയാള വിദഗ്ധരുടെ പരിശോധന ആവശ്യമായതിനാൽ കുടുംബാംഗങ്ങൾക്ക് ഇവിടെ സ്പർശിക്കാൻ കഴിയുമായിരുന്നില്ല. ഇതാണ് പൊലീസ് പരിശോധനക്ക് വരുന്നത് വൈകിയത് കുടുംബാംഗങ്ങൾക്ക് ബുദ്ധിമുട്ടായത്.
വീട്ടുകാർ സ്റ്റേഷനിലേക്ക് വിളിച്ചിട്ടും ഫലമുണ്ടായില്ല. കൊവിഡായതിന്റെ സാങ്കേതിത്വമാണ് പറഞ്ഞത്. ഒടുവിൽ വാർഡ് കൗൺസിലറായ ജെറോം മൈക്കിൾ വിഷയം ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തിയ ശേഷമാണ് എട്ടരയോടെ പൊലീസ് എത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിന്റെ തൊട്ടരികിലായിട്ടും കേസെടുക്കുന്നതിൽ പൊലീസ് ഗുരുതരമായ വരുത്തിയ വീഴ്ച്ചയാണ് വരുത്തിയത്.
വീടിന് ചുറ്റും കാമറയുള്ള വീട്ടിലാണ് കവർച്ചാശ്രമം നടന്നത്. വീടിന്റെ മതിൽ ചാടികടന്ന കവർച്ചാസംഘം പിൻവാതിൽ കുത്തിപ്പൊളിക്കുന്നതിനിടെ ശബ്ദം കേട്ട് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ബിജുവിന്റെ പിതാവ് ടോർച്ചുമായി എത്തിയതോടെ മോഷ്ടാക്കൾ മതിൽ ചാടി രക്ഷപ്പെട്ടു. കാറിലെത്തിയ കവർച്ചാ സംഘത്തിലെ മൂന്ന് പേരാണ് പുറത്തിങ്ങിയത്. രണ്ട് പേർ ആദ്യം ഗെയിറ്റിലെ കോളിംഗ് ബെല്ലടിച്ച് വീട്ടിൽ ആരുമില്ലെന്ന് ഉറപ്പാക്കി. പിന്നീട് മതിൽ ചാടിക്കടന്നു. ഈസമയം സംഘത്തിലെ സ്ത്രീ വേഷത്തിലെത്തിയ മൂന്നാമൻ ഗെയിറ്റിന് അടുത്ത് പിടിച്ചു.
മാസ്‌കിന് പുറമെ തൊപ്പിയും ആയുധങ്ങൾ അടങ്ങിയ ബാഗും കൈവശമുണ്ടായിരുന്നു. ദൃശ്യം ലഭിച്ചെങ്കിലും പ്രതികളുടെ മുഖം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ബിജു വർഷങ്ങളായി വിദേശത്താണ്. ഭാര്യ റോജിയും മക്കളും നവരാത്രിയുടെ ഭാഗമായി ശനിയാഴ്ച്ച പകൽ റോജിയുടെ തൃശൂരിലെ വീട്ടിലേക്ക് പോയിരുന്നു.
അന്വേഷണം വൈകുന്നത് തുടർക്കഥ
ആലുവ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയാൽ അന്വേഷണം വൈകുന്നത് തുടർക്കഥയാണ്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ഇത് മൂന്നാമത്തെ സംഭവമാണ്. പരാതി അവഗണിച്ചതായി ആരോപിച്ച് കഴിഞ്ഞ 17ന് ട്രാൻസ്ജെൻഡർ സ്റ്റേഷൻ വളപ്പിലെ ആൽമരത്തിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഫയർഫോഴ്സ് സംഘമെത്തിയാണ് ഇവരെ താഴെയിറക്കിയത്. കഴിഞ്ഞ 25ന് മദ്യപസംഘം ബിവറേജസ് കോർപ്പറേഷനിലെ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലും പൊലീസ് കേസെടുത്തത് 24 മണിക്കൂറുകൾക്ക് ശേഷമാണ്. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും പരിക്കേറ്റയാളിൽ നിന്നും മൊഴിയെടുക്കാൻ കൂട്ടാക്കിയില്ല. പിന്നീട് രേഖാമൂലം പരാതി എഴുതി വാങ്ങിയ ശേഷമായിരുന്നു തുടർ നടപടി സ്വീകരിച്ചത്. ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിന് സമീപം കവർച്ചാശ്രമം നടന്നിട്ടും അലംഭാവം കാട്ടിയതാണ് ഈ പട്ടികയിൽ മൂന്നാമത്തേത്.