
പൂച്ചാക്കൽ: മുന്നോട്ടുള്ള വളർച്ചയ്ക്ക് ഉയരമല്ല, മനസിന്റെ വലിപ്പമാണ് പ്രധാനമെന്ന് തെളിയിക്കുകയാണ് കുഞ്ഞൻ സംവിധായകൻ ഛോട്ടാ വിപിൻ. ശ്രീജിത്ത് ശിവ കഥയും തിരക്കഥയുമെഴുതിയ പോർക്കളം സിനിമ സംവിധാനം ചെയ്ത് സെൻസറിംഗ് കഴിഞ്ഞ് പ്രദർശനത്തിന് ഒരുങ്ങുമ്പോഴാണ് ഇടിത്തീപോലെ കൊവിഡ് വ്യാപനം. കൊവിഡ് പ്രതിസന്ധിയിൽ ഇപ്പോൾ വീട്ടിൽ വെറ്റില കൃഷിയിൽ വ്യാപൃതനാണ് വിപിൻ. മഹാമാരി മാറി ഉടൻ സിനിമ തീയേറ്ററിൽ എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷ കൈവെടിയുന്നില്ല.
വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപിലൂടെ 2005ൽ സിനിമാ ലോകത്തേയ്ക്കെത്തിയ ഛോട്ടാ വിപിൻ രാജ്യത്തെ രണ്ടാമത്തെ കുഞ്ഞൻ സംവിധായകനായത് പരിമിതികളോട് പോരാടിയാണ്. 23 സിനിമകളിൽ വേഷമിട്ട വിപിന്റെ മനസിൽ സംവിധായക മോഹം ഉദിച്ചത് സൗഹൃദ കൂട്ടായ്മയിൽ നിന്നാണ്. ഉയരം കുറഞ്ഞ 13പേരുടെ യഥാർത്ഥജീവിതം പറയുന്നതാണ് സിനിമ. കഥയുമായി പ്രൊഡ്യൂസർമാരായ വി.എൻ. ബാബുവിനെയും ഒ.സി. വക്കച്ചനേയും സമീപിച്ചപ്പോൾ കൂടെ നിന്നത് വലിയ ആത്മവിശ്വാസം പകർന്നതായി വിപിൻ പറഞ്ഞു. വീട്ടിലെ ഉൗണ്, സൈക്കിൾ ബെല്ല് എന്നീ രണ്ട് ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. കുഞ്ഞന്മാരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന സ്മോൾ പീപ്പീൾസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ചേർത്തല തൈക്കാട്ടുശേരി പഞ്ചായത്ത് ഒൻപതാം വാർഡിൽ വിജയൻ, രേണുക ദമ്പതികളുടെ മകനായ വിപിൻ. സഹോദരി വീണ.