amal
അമൽ

ആലുവ: കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ പത്തോളം കേസുകളിലെ പ്രതിയായ വേങ്ങൂർ വെസ്റ്റ് നെടുങ്ങപ്ര കല്ലിടുമ്പിൽ വീട്ടിൽ അമലിനെ (25) കാപ്പചുമത്തി ജയിലിലടച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

കുറുപ്പംപടി, കോതമംഗലം, അങ്കമാലി തുടങ്ങിയ സ്റ്റേഷനുകളിൽ കൊലപാതകം, കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, അനധികൃത സംഘംചേരൽ, ആയുധം കൈവശംവയ്ക്കൽ തുടങ്ങിയ കേസിലെ പ്രതിയാണ്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായാണ് നടപടി. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ഇയാളെ 2017ൽ കാപ്പാ നിയമകാരം ആറുമാസം കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നതാണ്.

അമലിന്റെ കൂട്ടാളികളിൽ ഒരാളെ അറസ്റ്റുചെയ്യാൻ ശ്രമിക്കവേ പൊലീസുദ്യോഗസ്ഥരെ വടിവാളിന് ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണത്തെ തടസപ്പെടുത്തുകയും ചെയ്ത കേസിൽ ഇയാളെയും കൂട്ടരെയും ജയിലിൽ പാർപ്പിച്ചിരിക്കെയാണ് കാപ്പ ചുമത്തി അറസ്റ്റുചെയ്തത്. കുറുപ്പംപടി എസ്.എച്ച്.ഒ കെ.ആർ മനോജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

റൂറൽ ജില്ലയിൽ ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ഈ മാസം അഞ്ച് ഗുണ്ടകൾക്കെതിരെയാണ് കാപ്പ ചുമത്തിയത്. ഇതുവരെ 16 പേരെ കാപ്പ പ്രകാരം ജയിലിലടക്കുകയും 23 പേരെ നാടുകടത്തുകയും ചെയ്തു. കൂടുതൽ പേർക്കെതിരെ വരും ദിവസങ്ങളിൽ നടപടി ഉണ്ടാകുമെന്ന് എസ്.പി കെ. കാർത്തിക് പറഞ്ഞു.