vytila-hub
വൈറ്റി​ല ഹബ്

കൊച്ചി: അന്തർസംസ്ഥാന യാത്രാകേന്ദ്രമായി മാറ്റുന്ന വൈറ്റില മൊബിലിറ്റി ഹബിന്റെ രണ്ടാംഘട്ട വികസനത്തിന് വീണ്ടും ജീവൻ വയ്ക്കുന്നു. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ വികസനപദ്ധതികൾ നടപ്പാക്കാൻ സർക്കാർ പ്രത്യേക കമ്പനി രൂപീകരിക്കും. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് ഗവേണിംഗ് കൗൺസിൽ യോഗം ചേരും.

ധനകാര്യമന്ത്രി തോമസ് ഐസക്ക്, ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി , വൈറ്റില ഹബ് സൊസൈറ്റി എം.ഡി സ്നേഹിൽകുമാർ സിംഗ് തുടങ്ങിയവർ വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കും. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെയും നീതി ആയോഗിന്റെയും അംഗീകാരവും ലഭിച്ചതോടെയാണ് കമ്പനി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.

തുടക്കം വി.എസ്. സർക്കാരിന്റെ കാലത്ത്

വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഹബിന്റെ ഒന്നാം ഘട്ടം നിർമ്മാണം പൂർത്തീകരിച്ചത്. പിന്നീട് വന്ന സർക്കാരുകൾ രണ്ടാംഘട്ട വികസനത്തിന് ആലോചന നടത്തിയെങ്കിലും കാര്യമായ മുന്നേറ്റമുണ്ടായില്ല.

സർക്കാരിന് കൂടുതൽ പങ്കാളിത്തം

സർക്കാരിന് കൂടുതൽ ഓഹരി പങ്കാളിത്തം ഉറപ്പാക്കി കമ്പനി രൂപീകരിക്കാനാണ് ലക്ഷ്യം. കൊച്ചിയുടെ ഗതാഗത പരിഷ്കാരങ്ങളിൽ ഏറ്റവും വലിയ ഒന്നായിരുന്നു വൈറ്റില മൊബിലിറ്റി ഹബ് . കഴിഞ്ഞ നവംബറിൽ രണ്ടാംഘട്ട വികസനത്തിന് മന്ത്രിസഭ അനുവാദം നൽകിയെങ്കിലും നിർമ്മാണം തുടങ്ങാനായില്ല.

രേഖകൾ തയ്യാർ, പക്ഷേ..

ഹബ് വികസനത്തിന് കിറ്റ്കോ മൂന്ന് പദ്ധതി രേഖകൾ തയ്യാറാക്കി. ഫ്രഞ്ച് വികസന ഏജൻസിയുടെ സഹായത്തോടെ 590 കോടി രൂപ ചെലവിൽ രണ്ടു വർഷം കൊണ്ട് രാജ്യാന്തര നിലവാരമുള്ള പൊതുഗതാഗത ഹബ് നിർമ്മിക്കാൻ കെ.എം.ആർ.എല്ലും പദ്ധതി വിഭാവനം ചെയ്തു.

വികസനം ഇങ്ങനെ

•26.8 ഏക്കറിന്റെ 30 ശതമാനം സ്ഥലത്ത് നിർമ്മാണം

32 ശതമാനം സ്ഥലം റോഡിനും പാർക്കിംഗിനും

വാട്ടർ മെട്രോയ്ക്ക് 34,270 ചതുരശ്ര മീറ്റർ സ്ഥലം

മെട്രോ സ്റ്റേഷന് 2,390 ചതുരശ്ര മീറ്റർ സ്ഥലം

റോഡുകൾക്ക് 34,270 ചതുരശ്രമീറ്റർ സ്ഥലം

44,628 ചതുരശ്രമീറ്റർ സ്ഥലത്ത് മരങ്ങളും ചെടികളും നടും

അഞ്ചു നില കെട്ടിടത്തിൽ 1200 കാറുകൾക്കും 2500 ഇരുചക്രവാഹനങ്ങൾക്കും പാർക്കിംഗ്

സൗകര്യങ്ങൾ

പ്രധാന ടെർമിനലിൽ 75 ബസുകൾക്ക് പാർക്കിംഗ് സൗകര്യം

42 കിയോസ്‌കുകൾ

2474 ചതുരശ്രീ വിസ്തൃതിയുളള ഹാൾ

21 മുറികളുള്ള ഹോട്ടൽ

2.3 ദശലക്ഷം ലിറ്റർ ശേഷിയുള്ള മഴവെള്ള സംഭരണി

1000 കിലോവാട്ട് ഉത്പാദന ശേഷിയുള്ള സൗരോർജ പ്ലാന്റ്

ഒരു ലക്ഷംം ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ഫൈവ് സ്റ്റാർ ഹോട്ടൽ കോംപ്ലക്സ്

കമ്പനി അടുത്ത മാസം

ഇന്നു ചേരുന്ന യോഗത്തിൽ കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ചർച്ച ചെയ്യും. നവംബറിൽ തന്നെ കമ്പനി രജിസ്റ്റർ ചെയ്യും.

സ്നേഹിൽകുമാർ സിംഗ്

മാനേജിംഗ് ഡയറക്ടർ

വൈറ്റില മൊബിലിറ്റി ഹബ്