പറവൂർ: പ്രായമായ രണ്ടു സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ വടക്കേക്കര പൊലീസ് രാത്രിയിലെത്തി ഭീഷണിപ്പെടുത്തുകയും വാഹനം എടുത്തുകൊണ്ടു പോകുകയും ചെയ്തതായി വീട്ടമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി. ചിറ്റാറ്റുകര പൂയപ്പിള്ളി പൂത്തുരപറമ്പിൽ മിനിയാണ് പരാതി നൽകിയത്. കഴിഞ്ഞ 24ന് രാത്രി മോഷണ കേസിൽ പ്രതിയായ മകനെ അന്വേഷിച്ചെത്തിയ പൊലീസ് 73 വയസുള്ള ഭർത്തൃമാതാവിനെ തള്ളിയിടുകയും അസഭ്യം പറയുകയും ചെയ്തു. വീട്ടാവശ്യത്തിനു ഉപയോഗിക്കുന്ന വാക്കത്തി എടുത്തു കൊണ്ടുപോയി. ഭർത്തൃമാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ വിരോധത്തിൽ പിറ്റേന്ന് പുതിയതായി വായ്പയെടുത്ത് വാങ്ങിയ കാർ പൊലീസ് എടുത്തു കൊണ്ടുപോയതായും പരാതിയിൽ പറയുന്നു. വീട്ടമ്മയുടെ ആരോപണങ്ങൾ വടക്കേക്കര പൊലീസ് നിഷേധിച്ചു. ഗുണ്ടകൾക്കെതിരെയുള്ള നടപടിയുടെ ഭാഗമായി നിരവധി മോഷണ കേസിൽ പ്രതിയായ പരാതിക്കാരിയുടെ മകനെ അന്വേഷിച്ചാണ് വീട്ടിലെത്തിയതെന്നും പൊലീസ് പറഞ്ഞു.