kaumudi
ഇന്നലെ 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്ത

ആലുവ: കൊവിഡ് ബാധിതരുടെ മൃതദേഹവുമായി ഇനി കീഴ്മാടുകാർ അലയേണ്ടി വരില്ല. പഞ്ചായത്ത് ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കുന്നതിന് അനുമതി നൽകാൻ പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ തീരുമാനമായി.‌'കൊവിഡിനാൽ മരിച്ചാൽ ശ്മശാനത്തിൽ ഗതികേട്' എന്ന തലക്കെട്ടിൽ ഇന്നലെ 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതുസംബന്ധിച്ച് പ്രതിക്ഷനേതാവ് എം.ഐ. ഇസ്മയിൽ കമ്മിറ്റിയിൽ വിഷയം അവതരിപ്പിച്ചതിനെ തുടർന്ന് തീരുമാനം. ഗ്യാസ് ചേമ്പർ സ്ഥാപിച്ചവരുമായി ബന്ധപ്പെട്ട് കൊവിഡ് ബാധിതരുടെ മൃതദേഹം ദഹിപ്പിക്കുന്നതിന് ‌പ്രശ്നമില്ലെന്ന് ഉറപ്പ് വരുത്തിയതായി പ്രസിഡന്റ് കെ.എ. രമേശ് അറിയിച്ചു. ബർണറിൽ ഉരുകിപിടിക്കുന്ന പ്ലാസ്റ്റിക് ഇരുമ്പ്ബ്രഷ് ഉപയോഗിച്ച് നീക്കം ചെയ്താൽ മതിയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതായും പ്രസിഡന്റ് പറഞ്ഞു. പ്രസിഡന്റിന്റെ വിശദീകരണത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്.

ഗ്യാസ് ഉപകരണം കേടാകുമെന്ന വാദം ഉയർത്തി മൃതദേഹം സംസ്‌കരിക്കാൻ പഞ്ചായത്ത് അനുമതി നൽകാത്തതിനാൽ കൊവിഡ് ബാധിതരുടെ മൃതദേഹം സംസ്‌കരിക്കാൻ കീഴ്മാടുകാർ മറ്റ് ശ്മശാനങ്ങൾ തേടേണ്ട അവസ്ഥയായിരുന്നു. കഴിഞ്ഞ ദിവസം മരിച്ച എടയപ്പുറം സ്വദേശിനിയുടെ മൃതദേഹം കളമശേരിയിലാണ് സംസ്‌കരിച്ചത്. പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത് കിട്ടിയാൽ മാത്രമെ മറ്റ് ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കാൻ അനുവദിക്കൂ. ഈസാഹചര്യത്തിൽ മരണം നടന്ന വീട്ടിലെ ബന്ധുക്കൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നിരുന്നു. ഇതിനെതിരെ ബി.ജെ.പി, ബി.ഡി.ജെ.എസ് തുടങ്ങിയ സംഘടകൾ പ്രതിഷേധവുമായും രംഗത്തെത്തിയിരുന്നു.