കൊച്ചി : സ്വർണം ഉൾപ്പെടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന രാജ്യാന്തര കള്ളക്കടത്തിനെതിരെ മുഖംനോക്കാതെ കർശന നടപടി സ്വീകരിക്കുമെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ പറഞ്ഞു. കള്ളക്കടത്ത് പിടികൂടാൻ ശക്തമായ നടപടിയെടുക്കാൻ കേന്ദ്രധനമന്ത്രാലയത്തിന് കീഴിലെ പ്രത്യക്ഷനികുതി ബോർഡ് നിർദേശം നൽകിയിട്ടുണ്ട്. ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡ് കാലത്തെ കള്ളക്കടത്ത് എന്ന വിഷയത്തിൽ ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്‌സ് ഒഫ് കോടൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വർണക്കള്ളക്കടത്ത് സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിച്ചാൽ പിന്നിൽ ആരായാലും വിചാരണ ചെയ്യാൻ നടപടിയുണ്ടാകും.

കള്ളക്കടത്ത് സിൻഡിക്കേറ്റുകളുടെ നിയന്ത്രണത്തിലുള്ള വിതരണശൃംഖലകളെ സ്വർണവ്യവസായ മേഖല വലിയതോതിൽ ആശ്രയിക്കുന്നുണ്ട്. കരമാർഗവും കടൽമാർഗവും കള്ളക്കടത്തിന് ഉപയോഗിക്കുന്നുണ്ട്. കള്ളപ്പണമാണ് സ്വർണക്കടത്തിനായി വിനിയോഗിക്കപ്പെടുന്നത്. 150 ടൺ വരെ സ്വർണം കേരളത്തിൽ ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇത് എഴുപതിനായിരം കോടി വരെ രൂപയുടേതാണ്. ഉയർന്ന നികുതി നിരക്കാണ് സ്വർണക്കടത്ത് വർദ്ധിക്കാൻ കാരണമെന്ന് പറയുന്നത് ശരിയല്ല. സ്വർണത്തെക്കാൾ ജി.എസ്.ടിയും കസ്റ്റംസ് ഡ്യൂട്ടിയും ഈടാക്കുന്ന ഉത്പന്നങ്ങളുണ്ട്.
മുഴുവൻ കണ്ടെയ്‌നറുകളും കാർഗോ ബാഗേജുകളും പരിശോധിക്കാൻ കസ്റ്റംസിന് കഴിയില്ല. വിപണിയിലെത്തുന്ന കള്ളക്കടത്ത് സാധനങ്ങളെല്ലാം പരിശോധിച്ച് കണ്ടെത്താനും കഴിയില്ല. ബന്ധപ്പെട്ട വ്യവസായ മേഖലകളിൽ പ്രവർത്തിക്കുന്നവർ കള്ളക്കടത്തിനെക്കുറിച്ച് കസ്റ്റംസിന് വ്യക്തമായ വിവരങ്ങൾ നൽകണം. എങ്കിലേ ഓഫീസർമാർക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമൻ മുഖ്യപ്രഭാഷണം നടത്തി. ഐ.ജി എസ്. ശ്രീജിത്, ഫിക്കി കാസ്‌കേഡ് ചെയർമാൻ അനിൽ രജ്പുത്, ഫിക്കി കാസ്‌കേഡ് ഉപദേഷ്ടാവ് പി.സി ത്ധാ, ഫിക്കി സംസ്ഥാന കോ ചെയർമാൻമാരായ ദീപക് എൽ. അസ്വാനി, ഡോ. എം.ഐ. സഹദുള്ള, വി.എ. യൂസഫ് ബിസ്‌മി, വി. നൗഷാദ്, ദിലീപ് നാരായണൻ, വർക്കി പീറ്റർ, പോൾ ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.