കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന് അക്ഷയ കേരളം പുരസ്കാരം ലഭിച്ചു. സംസ്ഥാന സർക്കാരിന്റെ ക്ഷയരോഗ നിവാരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ എന്റെ ക്ഷയരോഗമുക്ത കേരളം പദ്ധതി വിജയകരമായി നടപ്പിലാക്കിയതിനാണ് പുരസ്കാരം ലഭിച്ചത്.കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഗുരുതര ക്ഷയരോഗം ബാധിച്ച് ഒന്നാം നിര മരുന്നുകളോട് പ്രതികരിക്കാത്തവർ ഇല്ല. ക്ഷയരോഗം കണ്ടെത്തിയവർ ചികിത്സ ഇടയ്ക്ക് വച്ച് നിറുത്തിയിട്ടില്ല. ക്ഷയരോഗം കണ്ടെത്തുന്നതിനായി മികച്ച പ്രവർത്തനം കാഴ്ചവച്ചു എന്നിവയാണ് വാരപ്പെട്ടി പഞ്ചായത്തിനെ പുരസ്കാരത്തിന് അർഹമാക്കിയത് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ഓൺലൈനായാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ വാരപ്പെട്ടി സിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ: മാത്യൂ എം ജോസഫ് പുരസ്കാര സർട്ടിഫിക്കറ്റ് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മ മോഹനന് കൈമാറി. വൈസ് പ്രസിഡന്റ് എ.എസ്. ബാലകൃഷ്ണൻ, ഉമൈബനാസർ, പി.വി.മോഹനൻ, കെ.എ. ബിനോദ് ,പഞ്ചായത്ത് സെക്രട്ടറി ആർ അനിൽ കുമാർ, ഇ.എൻ ശാലിനി തുടങ്ങിയവർ പങ്കെടുത്തു.