kusat

കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഇലക്ട്രോണികസ് വകുപ്പും കുസാറ്റ് സിറ്റിക്കിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പ് 'ബ്ലൂമിങ്ക് ഇന്നൊവേഷൻസു'മായി സഹകരിച്ച് നിർമ്മിച്ച ഡിസ്ഇൻഫെക്ഷൻ ചേംബർ വൈസ് ചാൻസലർ ഡോ. കെ. എൻ. മധുസൂദനൻ പുറത്തിറക്കി. വസ്തുക്കളുടെ ഉപരിതലം 99 ശതമാനം അണുവിമുക്തമാക്കുന്നതിന് സഹായകരമായ സംവിധാനമാണിത്.രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യമാതൃകയുടെ ഐ.സി.എം.ആർന്റെ അംഗീകാരമുള്ള തിരുവന്തപുരത്തെ ലബോറട്ടറിയിലെ പരീക്ഷണവും വിജയമായതിനെത്തുടർന്നാണ് വാണിജ്യ സാദ്ധ്യതകൾ മുൻനിറുത്തി പുറത്തിറക്കുന്നത്. രേഖകളുടെയും കറൻസി നോട്ടുകളുടെയും സമ്പർക്കരഹിതമായ കൈമാറ്റം സാദ്ധ്യമാക്കുന്ന രണ്ട് കവാടങ്ങളോട് കൂടിയ ഉപകരണം ഫ്രണ്ട് ഓഫീസ്, റിസപ്ഷൻ കൗണ്ടറുകൾ, ബാങ്കുകൾ, കൺസൾട്ടിംഗ് ടേബിളുകൾ, ടിക്കറ്റ് കൗണ്ടറുകൾ മുതലായ സ്ഥലങ്ങളിൽ പ്രയോജനപ്പെടും. കുസാറ്റ് സിറ്റിക് കോ-ഓഡിനേറ്റർ ഡോ. സാം തോമസിന്റെ അഭിപ്രായത്തിൽ വിപണിയിൽ മറ്റുപല അണുനശീകരണ ഉപാധികൾ ലഭ്യമാണെങ്കിലും ടണലിലൂടെ കടത്തിവിട്ടുള്ള അണുനശീകരണം എന്ന ആശയം നിലവിലെ സമൂഹിക ആവശ്യങ്ങൾ പരിഗണിക്കുമ്പോൾ കൂടുതൽ മികച്ചതും പുതുമ നിറഞ്ഞതുമാണ്. ഇതിന്റെ മാതൃക മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്ഥാപിക്കുന്നതിനായി നൽകിയിട്ടുണ്ട് കുസാടെക്ക് ഫൗണ്ടേഷനിൽ നിന്ന് ലഭ്യമായ 1.35 ലക്ഷംരൂപ ഉപയോഗിച്ച് ബ്ലൂമിങ്ക് ഇന്നൊവേഷൻസ് 'ട്രാൻസിറ്റ്' എന്ന പേരിൽ ഉപകരണത്തിന്റെ ഉത്പാദനം ആരംഭിക്കുകയും ചെയ്തു.' www.blueminkinnovations.com' എന്ന വെബ്സൈറ്റിൽ ഉപകരണത്തിന്റെ വിശദ വിവരങ്ങൾ ലഭ്യമാണെന്ന് ബ്ലൂമിങ്ക് ഇെന്നാവേഷൻസ് മാനേജിംഗ് ഡയറക്ടർ ഡോ. ഷമീർ കെ. മുഹമ്മദ് പറഞ്ഞു.