
കൊച്ചി: ഇന്ന് ലോക പക്ഷാഘാത ദിനം. തലച്ചോറിനെയാണ് ബാധിക്കുന്നതെങ്കിലും ശരീരത്തെ ആകമാനം തളർത്തുന്ന രോഗമാണ് പക്ഷാഘാതം. തലച്ചോറിന്റെ ഒരു ഭാഗത്തേയ്ക്ക് രക്തയോട്ടം തടസപ്പെടുന്നതിന്റെ ഫലമായി ഉണ്ടാകുന്നതാണ് പക്ഷാഘാതം (സ്‌ട്രോക്ക്). തലച്ചോറിലെ രക്തക്കുഴലുകളിലുള്ള തടസം, തലച്ചോറിനുള്ളിലോ ചുറ്റുമോ ഉണ്ടാകുന്ന രക്തസ്രാവം എന്നിങ്ങനെ രണ്ടു വിധത്തിലുണ്ട്. ആദ്യത്തേതിൽ തലച്ചോറിലെ രക്തധമിനികളിൽ രക്തം കട്ടപിടിക്കുകയോ രക്തക്കുഴലുകൾ അടഞ്ഞുപോവുകയോ ചെയ്യുന്നു. 80 ശതമാനം പക്ഷാഘാതങ്ങളും ഇത്തരത്തിലാണ്. തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവമുണ്ടാകുന്നതാണ് രണ്ടാമത്തേത്. 20 ശതമാനം പേരിൽ കാണപ്പെടുന്നു.
പക്ഷാഘാതം ഉണ്ടാകുമ്പോൾ സംഭവിക്കുന്നത്
തലച്ചോറിന്റെ ഒരു ഭാഗത്തേയ്ക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസപ്പെടുന്നു.
രക്തത്തിൽ നിന്നും ആവശ്യമായ ഓക്‌സിജനും പോഷകങ്ങളും ലഭിക്കാതെ വരുന്നതിന്റെ ഫലമായി തലച്ചോറിലെ കോശങ്ങൾ നശിക്കുന്നു.
തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുന്നതുമൂലം കോശങ്ങൾ നശിക്കുന്നു.
ലക്ഷണങ്ങൾ
ശരീരത്തിന്റെ പെട്ടെന്നുണ്ടാകുന്ന മരവിപ്പ് / തളർച്ച (ശരീരത്തിന്റെ ഒരു ഭാഗം തളരുന്നു)
ആശയക്കുഴപ്പം/ സംസാരിക്കുവാനോ മനസിലാക്കുവാനോവുള്ള ബുദ്ധിമുട്ട്
കാഴ്ചക്കുറവ്
നടക്കുമ്പോൾ വേച്ചുപോകുന്ന അവസ്ഥ
തലക്കറക്കം
അകാരണമായ ശക്തിയായ തലവേദന
അടിയന്തരമായി എന്തു ചെയ്യണം
പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടാലുടൻ തന്നെ ആ വ്യക്തിയെ തൊട്ടടുത്തുള്ള സ്‌ട്രോക്ക് സേവനം ലഭ്യമാകുന്ന ആശുപത്രിയിൽ എത്തിക്കുക. ടി.പി.എ എന്ന മരുന്ന് ഉപയോഗിച്ചാൽ കട്ടപിടിച്ചിരിക്കുന്ന രക്തത്തെ അലിയിപ്പിക്കും. രക്തക്കുഴലുകൾ തുറന്ന് രക്തയോട്ടം കൂട്ടുകയും ചെയ്യും. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി നാലര മണിക്കൂറിനകമാണ് ടി.പി.എ മരുന്നുകൾ ഉപയോഗിക്കാൻ അനുയോജ്യം. തക്കസമയത്ത് ചികിത്സ ലഭിച്ചവർക്ക് മറ്റുള്ളവരെക്കാളും സൗഖ്യം പ്രാപിക്കാൻ സാദ്ധ്യത 30ശതമാനം കൂടുതലാണ്.
അപകട സാദ്ധ്യത
ഉയർന്ന രക്തസമ്മർദ്ദമുളളവർ, ഹൃദയസംബന്ധമായ അസുഖമുള്ളവർ, പുകവലി, പ്രമേഹം,ഉയർന്ന കൊളസ്‌ട്രോൾ, പാരമ്പര്യമായി സ്‌ട്രോക്ക് ഉള്ളവർ തുടങ്ങിയവ രോഗസാദ്ധ്യത വർദ്ധിപ്പിക്കുന്നു
.
ചെറുക്കാം
രക്തസമ്മർദ്ദവും കൊളസ്‌ട്രോളും സമയാസമയങ്ങളിൽ പരിശോധിക്കുക, പുകവലി ഉപേക്ഷിക്കുക, വ്യായാമം ശീലമാക്കുക എന്നിങ്ങനെയുള്ള മാർഗങ്ങളിലൂടെ രോഗത്തിന് തടയിടാം
ഡോ. അമിത്കുമാർ എസ്.
കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്
ലൂർദ്ദ് ഹോസ്പിറ്റൽ, കൊച്ചി