
കൊച്ചി: നയതന്ത്ര സ്വർണക്കടത്തു കേസിലെ നാടകീയ നീക്കങ്ങൾക്കൊടുവിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. എൻഫോഴ്‌സ്മെന്റ്, കസ്റ്റംസ് കേസുകളിൽ നൽകിയിരുന്ന മുൻകൂർ ജാമ്യാപേക്ഷകൾ ഇന്നലെ രാവിലെ ഹൈക്കോടതി തള്ളിയതിനു പിന്നാലെ തന്നെ
തിരുവനന്തപുരത്ത് വഞ്ചിയൂരിലെ ആയുർവേദ ആശുപത്രിയിലെത്തി, ശിവശങ്കറിനെ ഇ.ഡി കസ്റ്റഡിയിലെടുത്തിരുന്നു.
കൊച്ചിയിലെത്തിച്ച് ഏഴു മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷം രാത്രി 10.10- ഓടെയാണ് കള്ളപ്പണം വെളുപ്പിക്കൽകുറ്റം ചുമത്തിയുള്ള അറസ്റ്റ്. ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടതുസർക്കാരിനെ മുൾമുനയിലാക്കുന്നതാണ് കേസിലെ വഴിത്തിരിവ്.
കേസിലെ മുഖ്യപ്രതി സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകൾ ശിവശങ്കർ നിയന്ത്രിച്ചിരുന്നതായാണ് കണ്ടെത്തൽ ഇതു സംബന്ധിച്ച് ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് നൽകിയ മൊഴികൾ അറസ്റ്റിൽ നിർണായകമായി. ചോദ്യം ചെയ്യൽ ഒരു ഘട്ടം പിന്നിട്ടപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കൂടി ഇ.ഡി ഓഫീസിലെത്തിയതോടെ അറസ്റ്റ് രാത്രി തന്നെ ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. തുടർന്ന് ഇ.ഡി സ്പെഷ്യൽ ഡയറ്കടറും സ്റ്രാൻഡിംഗ് കോൺസലും കൂടി എത്തിയതോടെ ശിവശങ്കറിന്റെ വിധി നിർണയിക്കപ്പെട്ടു. രാഷ്ട്രീയ പ്രാധാന്യമേറെയുള്ള കേസിൽ ദേശീയ അന്വേഷണ ഏജൻസിയും ഇ.ഡിയും കസ്റ്റസും ഇതുവരെ തൊണ്ണൂറു മണിക്കൂറിലധികമാണ് ശിവശങ്കറെ ചോദ്യം ചെയ്തത്.
ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ ഇന്നലെ രാവിലെ 10.22 നാണ് ഹൈക്കോടതി തള്ളിയത്. ശിവശങ്കർ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം വഞ്ചിയൂരിലെ ആയുർവേദ ആശുപത്രിയിൽ പത്തു മിനിട്ടിനകം എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരെത്തി, ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. ഒപ്പം വരാൻ നിർദേശിക്കുക കൂടി ചെയ്‌തതോടെ കസ്‌റ്റഡിയിലെടുത്തുവെന്ന് വ്യക്തമായി.
എൻഫോഴ്സ്‌മെന്റ് വാഹനത്തിൽ കൊച്ചിയിലെത്തിച്ച ശിവശങ്കറിനെ വൈകിട്ട് നാല് മുതൽ ചോദ്യം
ചെയ്തു തുടങ്ങി. ശിവശങ്കറിന്റെ അറസ്റ്റ് എപ്പോഴെന്ന സംശയത്തിന്, കസ്റ്റഡിയിലെടുത്ത് പന്ത്രണ്ടു മണിക്കൂറിനകം അവസാനവുമായി.
സ്വപ്നയുടെ കാര്യങ്ങളിൽ ഇടപെട്ടത് വിനയായി
സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ സാമ്പത്തിക വിഷയങ്ങൾ കൈകാര്യംചെയ്തതാണ് ശിവശങ്കറിന് വിനയായത്. സർക്കാരിന്റെ പ്രതിനിധിയെന്ന നിലയിൽ യു.എ.ഇ കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയായിരുന്ന സ്വപ്നയുമായി തനിക്ക് അടുപ്പമുണ്ടായിരുന്നെന്ന് ശിവശങ്കറിന്റെ മൊഴിയിൽ സമ്മതിക്കുന്നുണ്ട്. എങ്കിൽപ്പോലും സ്വപ്നയുടെ സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ട ആവശ്യം ശിവശങ്കറിനുണ്ടായിരുന്നില്ലെന്ന് ഇ.ഡിയുടെയും കസ്റ്റംസിന്റെയും കേസുകളിൽ ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ തള്ളിയ സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു. സ്വപ്നയുടെ സാമ്പത്തിക വിഷയങ്ങളിൽ ഇടപെട്ടതിലെ ദുരൂഹത ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ഇരുകേസുകളിലും ശിവശങ്കറിനെ പ്രതിയാക്കിയിട്ടില്ലെന്നും വിലയിരുത്തി. അതിനാൽ ഇൗ ഘട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അപക്വമാണെന്ന് വ്യക്തമാക്കിയാണ് ഹർജികൾ തള്ളിയത്.