
കൊച്ചി : വിവാദ വീഡിയോ പോസ്റ്റുചെയ്ത യൂട്യൂബറെ മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷിചേരാൻ മർദ്ദനമേറ്റ വിജയ് പി. നായർ ഹൈക്കോടതിയിൽ അപേക്ഷ നൽകി. ഫെമിനിസ്റ്റുകളെ അശ്ളീലം പറഞ്ഞുള്ള വീഡിയോ യൂട്യൂബിൽ പോസ്റ്റുചെയ്തതിനെതിരെ ഭാഗ്യലക്ഷ്മി, ദിയാസന, ശ്രീലക്ഷ്മി എന്നിവരാണ് തമ്പാനൂരിൽ വിജയ് പി. നായർ താമസിക്കുന്ന ലോഡ്ജിൽ എത്തി മർദ്ദിച്ചത്. തുടർന്ന് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഭാഗ്യലക്ഷ്മിയും കൂട്ടരും നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് മൂവരും ഹൈക്കോടതിയെ സമീപിച്ചത്. വിവാദ വീഡിയോയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും പിന്നീട് വിജയ് പി. നായർ ഒത്തുതീർപ്പു ചർച്ചയ്ക്ക് വിളിച്ചതനുസരിച്ചാണ് ലോഡ്ജിൽ പോയതെന്നും ഇവിടെ വച്ച് തങ്ങളെയാണ് അയാൾ ആക്രമിച്ചതെന്നും വ്യക്തമാക്കിയാണ് മൂവരും മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ താൻ ആരെയും ഒത്തുതീർപ്പുചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും തന്നെ മർദ്ദിച്ച് വീഡിയോ പകർത്തി പ്രതികൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചെന്നും വിജയ് പി. നായരുടെ ഹർജിയിൽ പറയുന്നു. സി.പി.ഐയിലെ സജീവ അംഗമാണ് ഭാഗ്യലക്ഷ്മിയെന്നും ഹർജിയിലുണ്ട്.