തോപ്പുംപടി: മത്സ്യ വിപണന ഓർഡിനൻസ് തൊഴിലാളികൾക്ക് തലവേദനയായി മാറുന്നു. ബോട്ടുടമകളുടെ വില്പനത്തുകയിൽ നിന്നും 5 ശതമാനം സർക്കാരിലേക്ക് നൽകണമെന്ന വ്യവസ്ഥ നീതികരിക്കാനാവില്ലെന്നാണ് ട്രോൾ നെറ്റ് ബോട്ടുടമകൾ പറയുന്നത്.
സർക്കാരിന്റെ സഹായവുമില്ലാതെ വൻതുക മുടക്കി ബോട്ട് കടലിൽ ഇറക്കി തൊഴിലാളികൾക്ക് ബാറ്റയും നൽകിയാണ് മത്സ്യബന്ധനത്തെ മുന്നോട്ട് നയിക്കുന്നത്. മത്സ്യസമ്പത്ത് കുറയുന്ന അവസ്ഥയിൽ പലപ്പോഴും ചെലവഴിക്കുന്ന തുക പോലും ലഭിക്കാറില്ല. ബോട്ടുകൾക്കും വാർഷിക പെർമിറ്റ് ഫീസ് 25,000 രൂപയാണ്. ക്ഷേമനിധിയിലേക്ക് ബോട്ടിന്റെ വലിപ്പമനുസരിച്ച് അയ്യായിരം രൂപ മുതൽ ഇരുപതിനായിരം രൂപവരെ വർഷം നൽകണം. ഇതിന് പുറമെയാണ് മീൻ ലേലം ചെയ്യുന്ന തുകയുടെ 5 ശതമാനം സർക്കാർ ആവശ്യപ്പെടുന്നത്. മത്സ്യബന്ധനമേഖല തന്നെ പ്രതിസന്ധിയിലായ അവസ്ഥയിൽ മേഖലയെ തകർക്കുന്ന നടപടിയാണ് ഇതെന്ന് ഉടമകൾ പറയുന്നു.
ഓർഡിനൻസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹാർബർ ട്രോൾനെറ്റ് ബോട്ട് ഓണേഴ്സ് അസോസിയേഷനും ബയിംഗ് ഏജന്റുമാരും തോപ്പുംപടി മത്സ്യഫെഡിലേക്ക് മാർച്ചും ധർണയും നടത്തി.ഓർഡിനൻസ് കത്തിച്ചായിരുന്നു പ്രതിഷേധം. ബോട്ട് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജോസഫ്സേവ്യർ കളപ്പുരക്കൽ സമരം ഉദ്ഘാടനം ചെയ്തു.