vengola-road
വെങ്ങോല പി.പി റോഡിൽ മെറ്റൽ വിരിച്ച നിലയിൽ

പെരുമ്പാവൂർ: തുടർച്ചയായ ബൈക്ക് അപകടങ്ങൾ നേരിട്ട് കാണണോ. നേരെ പി.പി റോഡിൽ അല്ലപ്ര മുതൽ വെങ്ങോല വരെയുളള ഭാഗത്തേക്ക് വച്ചു പിടിച്ചോ. പി പി റോഡ് വെങ്ങോല ഭാഗത്ത് റോഡ് കുത്തിപ്പൊളിച്ച് മെറ്റൽ പാകിയതോടെ അപകടം വർദ്ധിക്കുകയാണ്. ഇരുചക്രവാഹനങ്ങൾ മിനിറ്റുകൾ വ്യത്യാസത്തിൽ തെന്നി മറിഞ്ഞ് വീഴുകയാണ്. ഒരാഴ്ച്ച മുമ്പാണ് റോഡ് പണിക്കായി ഇവിടം കുത്തിപ്പൊളിച്ചത്. തുടർന്ന് ചൊവ്വാഴ്ച്ചയോടെ കിഴക്കമ്പലത്ത് നിന്നും ലോറികളിൽ വേറെ ഏതോ റോഡ് കുത്തിപ്പൊളിച്ചതിന്റെ അവശിഷ്ടമെറ്റലുകളാണ് ഇപ്പോൾ ഇവിടെ കൊണ്ടിട്ടത്.കുറച്ച് ദിവസം ചൂട് കൊണ്ട് ടാർ ഉരുകി വീണ് റോഡിന് നല്ല ഉറപ്പ് ലഭിക്കുമെന്നാണ് ഇതിനായി അധികൃതർ കണ്ടെത്തിയിരിക്കുന്ന വിശദീകരണം. ദിവസേനെ നൂറു കണക്കിന് ഇരുചക്രവാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കടന്നു പോകുന്ന ഈ റോഡിൽ അപകടസാധ്യതകൾ മുന്നിൽ കാണാതെ പൊതുമരാമത്ത് വകുപ്പ് അധികൃതർ കടുംകൈ ചെയ്തതിനെ പഴിക്കുകയാണ് തെന്നി വീഴുന്ന യാത്രികാർ. നാട്ടുകാർ ബന്ധപ്പെട്ടവരോട് കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്.

അപകട കാരണം മെറ്റൽ പാകിയത്

അല്ലപ്രയ്ക്കും വെങ്ങോലയ്ക്കുമിടയിൽ ഒന്നര കിലോമീറ്റർ ഭാഗത്താണ് മുന്നറിയിപ്പ് ബോർഡുകളോ ദിശാസൂചികകളോ ഇല്ലാതെ ടാറോട് കൂടിയ മെറ്റൽ പാകിയിരിക്കുന്നത്. അറ്റകുറ്റപ്പണിയുടെ ഭാഗമായി ചെയ്തതാണെങ്കിലും എ റോഡിൽ മുഴുവനായും മെറ്റൽ പാകിയതാണ് വിനയായിരിക്കുന്നത്.