പള്ളുരുത്തി: ചെല്ലാനം തീരദേശ ജനതക്ക് കടൽഭിത്തി നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയവേദി നടത്തുന്ന സമരത്തിന് ഒരാണ്ട് തികഞ്ഞിട്ടും അധികാരികൾ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ പറഞ്ഞു. ഒരു വർഷം പിന്നിടുന്ന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുലിമുട്ടുകൾ അനിവാര്യമാണെന്നും അല്ലെങ്കിൽ കൊച്ചിക്ക് തെക്കോട്ട് കടലെടുത്തു പോകുമെന്നും പറഞ്ഞ തുറമുഖ ശിൽപി ബ്രിസ്റ്റോ സായിപ്പിനുണ്ടായിരുന്ന കരുതൽ പോലും ജനാധിപത്യത്തിലെ ഭരണകൂടങ്ങൾക്ക് ഇല്ലാതെ പോയത് വളരെ കഷ്ടമാണെന്നും നീലകണ്ഠൻ പറഞ്ഞു. മത്സ്യതൊഴിലാളി കുടുംബങ്ങളെ കുടി ഒഴിപ്പിക്കാനാണ് സർക്കാർ നീക്കം നടത്തുന്നതെന്നും സമരക്കാർ ചൂണ്ടിക്കാട്ടി. തുഷാർ നിർമ്മൽ സാരഥി അദ്ധ്യക്ഷത വഹിച്ചു. പി.ജെ. മാനുവൽ, വി.സി.ജെന്നി, മറിയാമ്മജോർജ്, ജോസഫ് അറക്കൽ തുടങ്ങിയവർ സംസാരിച്ചു.