m-sivasankar

കൊച്ചി : സ്വർണക്കടത്തു കേസിൽ ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ വിധികാത്തിരുന്ന ഇ.ഡി രണ്ടു പ്ളാനുകളാണ് തയ്യാറാക്കിയിരുന്നത്. 'പ്ളാൻ എ'- ഹർജി തള്ളിയാൽ കസ്റ്റഡിയിലെടുക്കുക .'പ്ളാൻ ബി'-.മുൻകൂർ ജാമ്യം അനുവദിച്ചാൽ അതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുക. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ, 'പ്ളാൻ ബി' വേണ്ടിവന്നില്ല.

ഇന്നലെ രാവിലെ ഹർജികൾ ഹൈക്കോടതി പരിഗണിക്കുമ്പോൾ ഇ.ഡിക്കു വേണ്ടി കേരളത്തിലെ അഭിഭാഷകൻ അഡ്വ. ടി.എ. ഉണ്ണിക്കൃഷ്‌ണനൊപ്പം,ന്യൂഡൽഹിയിൽനിന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവും ഒാൺലൈനിൽ ഹാജരായിരുന്നു. വിധി അനുകൂലമല്ലെങ്കിൽ അടിയന്തരമായി സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കങ്ങൾ ഡൽഹിയിൽ പൂർത്തിയായിരുന്നു.

 മുദ്ര വച്ച കവറിലെ തെളിവുകൾ

ഇ.ഡിയുടെ കേസിൽ ശിവശങ്കറിന്റെ പങ്കിനെക്കുറിച്ചുള്ള ആശങ്ക കോടതിയിൽ അവതരിപ്പിച്ചത് മുദ്ര വച്ച കവറിൽ സമർപ്പിച്ച തെളിവുകളിലൂടെയാണ്. ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി ശിവശങ്കർ നടത്തിയ വാട്ട്സ് ആപ്പ് സന്ദേശങ്ങളാണ് മുഖ്യതെളിവായി ഹാജരാക്കിയത്. . സ്വർണക്കടത്തുകേസിൽ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തശേഷവും വേണുഗോപാലുമായി ശിവശങ്കർ വാട്ട്സ് ആപ്പ് സന്ദേശങ്ങൾ കൈമാറിയത് തെളിവായി ഹാജരാക്കി.ഇതിലൂടെ,തെളിവുകളുടെ രഹസ്യസ്വഭാവം സംരക്ഷിക്കാനും ഇ.ഡിക്ക് കഴിഞ്ഞു.

സ്വപ്നയെ സാമ്പത്തികമായി സഹായിച്ചതടക്കം വ്യക്തമാക്കി ശിവശങ്കർ നൽകിയ മൊഴിയാണ് ഇ.ഡി ആയുധമാക്കിയത്. സാമ്പത്തികമായി പ്രശ്നങ്ങൾ നേരിട്ടിരുന്ന സ്വപ്നയ്ക്ക് ലക്ഷങ്ങൾ അക്കൗണ്ടിൽ വന്നതിനെക്കുറിച്ച് ശിവശങ്കർ അറിഞ്ഞിരുന്നു.. ലോക്കറെടുക്കുന്നതിനും പണം കൈകാര്യംചെയ്യുന്നതിനും ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിക്കൊടുത്തെന്നും ശിവശങ്കർ മൊഴിനൽകിയിട്ടുണ്ട്. ഇത്രയും അറിയുന്ന ശിവശങ്കറിന് സ്വപ്ന സ്വർണക്കടത്തിനെക്കുറിച്ച് അറിയില്ലെന്നത് വിശ്വസിക്കാനാവില്ലെന്ന നിലപാട് കോടതി ശരി വച്ചു..

 പഴുതടച്ച നീക്കം

ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി മിനിട്ടുകൾക്കകം ഇ.ഡി നടത്തിയ നീക്കം ശ്രദ്ധേയമാണ്. മറ്റേതെങ്കിലും തരത്തിൽ നീങ്ങാൻ ശിവശങ്കറിന് അവസരം നൽകാതെ കസ്റ്റഡിയിലെടുക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. നേരത്തെ ശിവശങ്കറിനെ കസ്റ്റഡിയിലെടുക്കാൻ കസ്റ്റംസ് നടത്തിയ നീക്കം പാളിയ സാഹചര്യത്തിൽ പഴുതടച്ചുള്ള നീക്കമായിരുന്നു ഇ.ഡിയുടേത്.