തൃക്കാക്കര : പിണറായി സർക്കാരിന്റെ അഴിമതിക്കെതിരെ നിയമസഭക്കകത്തും പുറത്തും പോരാടുന്ന പി.ടി.തോമസിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം വിജയിക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.എൽ.ഡി.എഫ് സർക്കാരിന്റെ അഴിമതിയിലും പി.ടി.തോമസിനെതിരെയുള്ള പ്രചാരണത്തിലും പ്രതിഷേധിച്ചു കോൺഗ്രസ് സംഘടിപ്പിച്ച ജനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ പി.ടി.തോമസ് പിണറായിക്കും സർക്കാരിനുമെതിരെ ആരോപണം ഉന്നയിച്ചിട്ടുള്ളു. അതിൽ രോഷം പൂണ്ടിട്ടും കാര്യമില്ല. കള്ളക്കടത്തിനും അഴിമതിക്കും കൂട്ടു നിന്ന എം.ശിവശങ്കർ കസ്റ്റിയിലായതോടെ പിണറായി വിജയനു ഭരിക്കാനുള്ള അവകാശം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോഷി പള്ളൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, ഡി.സി.സി സെക്രട്ടറി എൻ.ഗോപാലൻ, മണ്ഡലം പ്രസിഡന്റ് ജോയ് പടയാട്ടിൽ, നഗരസഭ കൗൺസിലർ ജോസഫ് അലക്സ് എന്നിവരാണു പി.ടി.തോമസിനൊപ്പം ഏകദിന സത്യഗ്രഹം അനുഷ്ഠിച്ചത്. കെ.പി.സി.സി ഭാരവാഹികളായ ബി.എ.അബ്ദുൽ മുത്തലിബ്, ടോണി ചമ്മണി, ഐ.കെ.രാജു, ജയ്സൺ ജോസഫ്, എം.ആർ.അഭിലാഷ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് പല്ലച്ചി, ഡി.സി.സി സെക്രട്ടറിമാരായ പി.ഐ.മുഹമ്മദാലി, സേവ്യർ തായങ്കേരി, പി.ഡി.മാർട്ടിൻ, എ.ബി.സാബു, എം.ബി.മുരളീധരൻ, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി.കെ.മിനിമോൾ തുടങ്ങിയവർ സംസാരിച്ചു.