ഒറ്റപ്പാലം: എറണാകുളം പുതുവൈപ്പ് സ്വദേശി ചന്ദ്രദാസിനെ (87) ഒറ്റപ്പാലം നഗരസഭയിലെ വരോട് നാലാംമൈലിലെ ആശ്രയം വൃദ്ധസദനത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്നയാളെ പൊലീസ് അറസ്റ്റുചെയ്തു. തലയ്ക്ക് അടിയേറ്റാണ് മരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശി ബാലകൃഷ്ണൻനായരെ (81) ഒറ്റപ്പാലം പൊലീസ് അറസ്റ്റുചെയ്തു. ചന്ദ്രദാസ് ഒന്നരവർഷമായി വൃദ്ധസദനത്തിലെ അന്തേവാസിയാണ്.
അവിവാഹിതനായ ബാലകൃഷ്ണൻനായർ ആറുവർഷമായി വൃദ്ധസദനത്തിലാണ് താമസം. ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒറ്റപ്പാലം സി.ഐ. എം. സുജിത്ത്, എസ്.ഐ. എസ്. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.