കൊച്ചി: വീട്ടുനികുതി അടയ്ക്കാതെ ഉഴപ്പിക്കളിക്കുന്നവർ ജാഗ്രതൈ. നികുതി കുടിശിക വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കൊച്ചി കോർപ്പറേഷൻ. മൂന്നു വർഷത്തിലധികം നികുതി കുടിശികയുള്ളവർ ജപ്തി നേരിടേണ്ടിവരും. ഒരുവർഷം കൊണ്ട് ഒരു ലക്ഷത്തിനുമേൽ കുടിശിക വരുത്തിയവർക്കെതിരെയും നടപടി ഉണ്ടാകും.

പലവട്ടം നോട്ടീസ് നൽകിയിട്ടും നേരിൽകണ്ട് പറഞ്ഞിട്ടും ഫലമില്ലാതെ വന്നതോടെയാണ് കർശന നടപടികളിലേക്ക് നീങ്ങാൻ നിർബന്ധിതരായതെന്ന് അധികൃതർ പറഞ്ഞു. മുൻകൂർ നോട്ടീസ് നൽകിയശേഷമേ ജപ്തി നടപടികളിലേക്ക് നീങ്ങുകയുള്ള. റവന്യു വിഭാഗത്തിനായിരിക്കും ചുമതല.

# ബിൽ കളക്‌ടർമാർ നേരിട്ട് പിരിവ്

ഒരു ദിവസം 50 വസ്തു, തൊഴിൽനികുതി നോട്ടീസുകൾ നൽകും

എല്ലാ ഡിവിഷനുകളിലും നികുതി സമാഹരിക്കുന്നതിനായി ക്യാമ്പുകൾ

ഓരോ ഡിവിഷനിലെയും സ്ഥാപനങ്ങൾ, അൺ എയ്ഡഡ് സ്കൂളുകൾ, ഓഡിറ്റോറിയം, വിവാഹമണ്ഡപം എന്നിവയിൽനിന്ന് നികുതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും

കുടിശിക വരുത്തിയവർ പണം അടയ്ക്കാൻ തയ്യാറാണെങ്കിൽ മൂന്നു ഗഡുവായി നൽകാൻ സാവകാശം

# ഇതുവരെ പിരിഞ്ഞുകിട്ടിയത്

ഏപ്രിൽ 1 മുതൽ ഒക്ടോബർ 27 വരെ 59 കോടി

സെപ്തംബർ 1 മുതൽ 30 വരെ 25 കോടി

ഈ മാസം 28 വരെ 68 ലക്ഷം

# കരുറുകാരുടെ കുടിശിക : ഇപ്പ ശര്യാക്കും

ഓണത്തിനുമുമ്പ് കരാറുകാർക്ക് അഞ്ചുകോടി നൽകുമെന്ന് വാഗ്‌ദാനം ചെയ്തുവെങ്കിലും രണ്ടരക്കോടി മാത്രം നൽകിയത് വിമർശനത്തിന് വഴിവച്ചു. കുടിശിക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കരാറുകാർ പ്രവൃത്തികൾ ഏറ്റെടുക്കാതായി. മൂന്നുമാസമായി സമരത്തിലാണ്. ഒരുമാസമായി എല്ലാദിവസവും രാവിലെ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നില്പുസമരവും തുടരുന്നു. കരാറുകാർക്ക് 3.69 കോടി ഉടൻ നൽകുമെന്ന് ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ പറഞ്ഞു. 129 ബില്ലുകളുടെ തുകയാണ് തീർപ്പാക്കുന്നത്.

# ജനസേവനകേന്ദ്രം തിരികെ

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യാത്രിനിവാസിലേക്ക് മാറ്റിയ ജനസേവനകേന്ദ്രം തിങ്കളാഴ്ച മുതൽ കോർപ്പറേഷൻ ഓഫീസിലേക്ക് തിരിച്ചെത്തും. ജനന, മരണ സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതിനുള്ള തിരക്ക് കൂടിയതോടെ റവന്യൂ ഓഫീസിന്റെ മുന്നിൽ വരെ അപേക്ഷകരുടെ ക്യൂ എത്തിയിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് സഹായം വേണ്ടിവന്നു.