കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ പത്താംമൈൽ ചെമ്മല കോളനിയിലെ രമണന് സേവാഭാരതി വീടു നിർമ്മിച്ചു നൽകി. ഇവരുടെ സ്ഥലത്തേക്ക് വാഹനങ്ങളെത്തുന്നതിന് വഴിയുണ്ടായിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടിലുമായിരുന്നതിനാൽ വീട് നിർമ്മിക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സേവഭാരതി ദൗത്യം ഏറ്റെടുത്തത്. 500 മീറ്ററോളം ദൂരം തലച്ചുമടായി നിർമ്മാണ സാമഗ്രികൾ നൂറോളം പ്രവർത്തകരുടെ സഹായത്തോടെ എത്തിച്ചാണ് വീടു നിർമ്മാണം തുടങ്ങിയത്. ആഗസ്റ്റിൽ തുടങ്ങി രണ്ടു മാസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കി. എല്ലാ സൗകര്യങ്ങളോടെ 600 ചതുരശ്ര അടിയിലുള്ള വീടാണ് നിർമ്മിച്ചത്. പൂതൃക്ക പഞ്ചായത്തിലെ സേവാഭാരതിയുടെ തല ചായ്ക്കാനൊരിടം പദ്ധതിയിൽ നിർമിച്ച ആദ്യത്തെ വീടാണിത്. വീടിന്റെ താക്കോൽ ദാനം നവംബർ 1 ന് രാവിലെ 10 മണിക്ക് രാഷ്ട്രീയ സ്വയം സേവക് സംഘം എറണാകുളം വിഭാഗ് കാര്യവാഹക് എൻ. എസ് ബാബു നിർവഹിക്കും. സേവാഭാരതി ജില്ല സെക്രട്ടറി പി എസ് മണികണ്ഠൻ മുഖ്യാതിഥിയാകും.