panchayat
അയ്യമ്പുഴ പഞ്ചായത്ത് ഗിഫ്റ്റ് സിറ്റിയുടെ സ്ഥലമെടുപ്പ് ജനങ്ങളുടെ ആശങ്കക്ക് പരിഹാരം ആവശ്യപ്പെട്ട് വ്യവസായ മന്ത്രി ഇ.പി.ജയരാജനു പ്രസിഡൻ്റ് നീതു അനു നിവേദനം നൽകി.

കാലടി : അയ്യമ്പുഴയിലെ നിർദ്ദിഷ്ട ഗിഫ്റ്റ് സിറ്റി പദ്ധതിയുടെ സ്ഥല മെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി ഇ.പി .ജയരാജന് അയ്യമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിവേദനം നൽകി. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് നിവേദകസംഘത്തിന് മന്ത്രി ഉറപ്പ് കൊടുത്തു. സ്ഥല മേറ്റെടുക്കുമ്പോൾ വീടുകൾ ഒഴിവാക്കുമെന്നും ഭൂവുടമകൾക്ക് മതിയായ നഷ്ടപരിഹാരം നൽകുമെന്നും മറ്റു ഭൂമി ഇല്ലാത്തവർക്ക് പുനരധിവാസ പാക്കേജ് നൽകമെന്നും മന്ത്രി ഉറപ്പുനൽകി .മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങൾ ഈ പദ്ധതിയിൽ ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. വ്യവസായ പാർക്ക് അല്ല മറിച്ച് വാണിജ്യ പാർക്കാണ് ഗിഫ്റ്റ് സിറ്റി യിൽ വരുന്നതെന്ന് മന്ത്രി ഉറപ്പുകൊടുുത്തു . സ്ഥലം നഷ്ടപ്പെടുന്നവർക്ക് ജോലി ലഭ്യമാക്കുന്ന നടപടി സ്വീകരിക്കും. പദ്ധതി നടപ്പിലാക്കുന്നതോടെ അനേകായിരങ്ങൾക്ക് ജോലിയും നാട്ടിൽ വൻവികസന സാധ്യതകളും ഉണ്ടാകുമെന്നും മന്ത്രി കൂട്ടിചേർത്തു. പഞ്ചായത്ത് പ്രസിഡന്റ് നീതു അനു, വൈസ് പ്രസിഡന്റ് പി .യു. ജോമോൻ, സിപിഎം അയ്യമ്പുഴ ലോക്കൽ സെക്രട്ടറി കെ.ജെ. ജോയി, ഏരിയ കമ്മിറ്റിയംഗം എം.ജെ ജോസ് എന്നിവരാണ് തിരുവനന്തപുരത്ത് മന്ത്രിക്ക് നിവേദനം നൽകിയത്.