വൈപ്പിൻ: താൻ വായിക്കുന്ന പുസ്തകങ്ങളിലെ കഥകൾ പതിവായി സാമൂഹ്യ മാധ്യമങ്ങളിലൂടെ സരസമായി പറഞ്ഞ് കേൾപ്പിച്ച് വിദ്യാർത്ഥികളെ വായനശീലത്തിലേക്ക് കൂട്ടി കൊണ്ട് വരുകയാണ് ഒരദ്ധ്യാപകൻ. അഞ്ച് വർഷം പിന്നിട്ട ഈ കഥ പറച്ചിലൂടെ ലക്ഷകണക്കിന് കുട്ടികളെയാണ് ഈ അദ്ധ്യാപകൻ വായനയുടെ ലോകത്തേക്ക് കൊണ്ട് പോയത്.
എടവനക്കാട് ബി.ആർ.സിയിൽ ബ്ലോക്ക് പ്രോഗ്രാം ഓഫീസറായി സേവനം അനുഷ്ടിക്കുമ്പോഴാണ് ചേന്ദമംഗലം കുറുമ്പതുരുത്ത് സ്വദേശിയായ ആൻസനാണ് കഥ പറച്ചിൽ ആരംഭിച്ചത്. വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയായിരുന്നു തുടക്കം. കൊവിഡ് കാലത്ത് കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഈ കഥ പറച്ചിൽ ഹൃദ്യമായി. ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നമനത്തിനായി നിരവധി പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
പതിനാറ് വർഷമായി ചവിട്ടുനാടകരംഗത്തും ഇദേഹം സജീവമാണ്. കേന്ദ്ര സംഗീത നാടക അക്കാഡമിയുടെതുൾപ്പെടെ മൂന്നൂറിൽ പരം വേദികളിൽ ചവിട്ടുനാടകം അവതരിപ്പിച്ചു. ചാനലുകളിൽ വിവിധ പ്രോഗ്രാമുകളിലും പങ്കെടുത്തു. ചില സിനിമകളിലും അഭിനയവും ഡബ്ബിങ്ങും നടത്തിയിട്ടുണ്ട്. മികച്ച അദ്ധ്യാപകനുള്ള പുരസ്കാരങ്ങളും ഇദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പതിമൂന് വർഷമായി സർക്കാർ സ്‌കൂൾ അദ്ധ്യാപകനാണ്. അങ്കമാലി ഉപജില്ലയിലെ പീച്ചാനിക്കാട് ഗവ. യു.പി സ്‌കൂളിലാണ് ഇപ്പോൾ സേവനമനുഷ്ടിക്കുന്നത്. ഭാര്യ സബിത, സിവിൽ പൊലീസ് ഓഫീസറാണ്. മകൾ ആൻസലീന, അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.