വൈപ്പിൻ: വൈപ്പിൻ കാളമുക്ക് ഫിഷിംഗ് ഹാർബറിലെ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കണമെന്ന് കേരള പരമ്പരാഗത മത്സ്യതൊഴിലാളി സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഹാർബർ മാനേജ്‌മെന്റ് ജനകീയ സമിതിയുടെ തീരുമാനങ്ങൾ മറികടന്ന് മറ്റ് ജില്ലകളിലെ യാനങ്ങൾ ഇവിടെ അടുപ്പിച്ച് മീൻ വില്പന നടത്തുന്നത് തടയണം. ഇവിടെ നിന്ന് നൽകുന്ന പാസുള്ള യാനങ്ങൾക്ക് മാത്രമാണ് ഇവിടെ അടുക്കാൻ അനുവാദമുള്ളത്. പാസുള്ള യാനങ്ങൾക്ക് പോലും ആഴ്ചയിൽ മൂന്ന് ദിവസം മാത്രമേ മത്സ്യബന്ധനത്തിന് അനുമതിയുള്ളൂ. ഈ നിയമം മറികടന്നാണ് മറ്റ് ജില്ലകളിലെ ചെറുതും വലുതുമായ യാനങ്ങൾ ഇവിടെയെത്തി മീൻ വില്പന നടത്തുന്നത്. പൊലീസ്, ഫിഷറീസ് ഇവിടെ പരിശോധന നടത്തുന്നില്ല. കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കൊണ്ട് വന്ന നിയമം ലംഘിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്ന് സമിതി മുന്നറിയിപ്പ് നൽകി.