ആലുവ: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം വീടുകളിലിരുന്ന് ചികിത്സ തേടുന്നവരെ അവഗണിക്കുന്നതായി പരാതി. ടെലഫോണിൽ ബന്ധപ്പെടുമ്പോൾ പരാതികൾ വെളിപ്പെടുത്തിയാൽ നടപടികളെടുകുന്നില്ലെന്നതാണ് ആക്ഷേപം.

കൊവിഡ് പ്രതിരോധ നടപടികൾക്ക് സർക്കാർ തലത്തിലുണ്ടായിരുന്ന ജാഗ്രതയെ അട്ടിമറിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.കൊവിഡ് ടെസ്റ്റ് നടത്തുന്നതിന് ആശുപത്രിയിലേക്ക് പോകാൻ വാഹന സൗകര്യം നൽകുന്ന കാര്യത്തിൽ ആശാവർക്കർമാരും നിസഹായരാകുകയാണ്. വീടുകളിൽ ഒറ്റയ്ക്ക് കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം പുറമേ നിന്നും വാങ്ങികൊടുക്കുന്നതിന് സന്നദ്ധപ്രവർത്തകരുടേയും മറ്റും സഹായം ഉറപ്പുവരുത്തുന്നതിനുപോലും തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാകുന്നില്ല. കഴിഞ്ഞ ദിവസം തോട്ടയ്ക്കാട്ടുകരയിൽ ഇത്തരത്തിൽ ആശുപത്രിയിൽ പരിശോധനക്ക് പോകാൻ കഴിയാതെ ഒരു യുവതി രണ്ട് ദിവസമാണ് വിഷമിച്ചത്. പിന്നീട് ഇവരുടെ നിസഹായത മനസിലാക്കി ഒരു ടാക്‌സിഡ്രൈവർ മുന്നോട്ടുവരികയായിരുന്നു. ഇവർക്ക് കാര്യമായ കൊവിഡ് ലക്ഷണമൊന്നും പ്രകടമായിരുന്നില്ല. ടെസ്റ്റ് നടത്തിയപ്പോൾ നെഗറ്റീവായി.
പരമാവധി വീടുകളിൽ ചികിത്സ തേടുവാനാണ് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നത്. എന്നാൽ കൗൺസിലർമാരിൽ പലരും പ്രാഥമിക കൊവിഡ് പരിശോധനാ കേന്ദ്രങ്ങളിലേക്ക് മാറുവാനാണ് നിർദ്ദേശിക്കുന്നത്. ഇതേതുടർന്ന് കൊവിഡ് ബാധിതർ മാനസികമായി വിഷമിക്കുകയാണ്.

പരിശോധനക്ക് പോകാൻ വാഹന സൗകര്യമില്ല

രോഗബാധിതനായി നിശ്ചിത ദിവസം ഒറ്റപ്പെട്ട് കഴിഞ്ഞ ശേഷം വീണ്ടും കൊവിഡ് ടെസ്റ്റ് നടത്തുന്നതിന് ആശുപത്രിയിലേക്ക് പോകാൻ വാഹന സൗകര്യം നൽകാൻ ആരോഗ്യ വകുപ്പോ നഗരസഭയോ തയ്യാറാകുന്നില്ല. പണം നൽകാമെന്ന് അറിയിച്ചാലും ഒട്ടേറെ പേർ ആംബുലൻസ് ആവശ്യപ്പെടുന്നതിനാൽ കഴിയുകയില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. രോഗവ്യാപന സാധ്യതയുള്ളതിനാൽ മറ്റ് ടാക്‌സികളാകട്ടെ രോഗിയെ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനും തയ്യാറാകില്ല. ഇതേ തുടർന്ന് പലരും രോഗിയാണെന്ന് അറിയിക്കാതെയാണ് യൂബ‌ർ ടാക്‌സിവിളിച്ച് ആശുപത്രിയിലേക്ക് പോകുന്നത്. ഇത് രോഗവ്യാപനത്തിന് ഇടയാക്കും.