
കാലടി: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളിന്റെ പേര് മാറ്റിയതിൽ പ്രതിഷേധം. ശ്രീമൂലനഗരം വിജയൻ സ്മാരകമെന്നത് പകരം ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളെന്ന് മാറ്റുകായതാണ് പ്രതിഷേധത്തിന് കാരണം.
ശ്രീമൂലനഗരത്തിലെ കലാ സാംസ്ക്കാരിക സംഘടനകളാണ് പ്രതിഷേധവുമായ് രംഗത്ത് എത്തിയത്.
എൽ.ഡി.എഫ് ഭരണകാലത്താണ് നിർമ്മിച്ച കമ്യൂണിറ്റി ഹാളിന് അന്നതെ ഭരണസമതിയാണ് ശ്രീമൂലനഗരം വിജയൻ സ്മാരകമെന്ന് പേര് നൽകിയത്.
അടുത്തിടെ കമ്മ്യൂണിറ്റി ഹാൾ നവീകരിച്ച് യു.ഡി.എഫ് ഭരണസമിതി പ്രധാന കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡിലെ പേര് മാറ്റുകയായിരുന്നു.
ശ്രീമൂലനഗരം വിജയന്റെ പേരിൽ പണികഴിപ്പിച്ച സ്മാരകത്തിന്റെ പ്രധാന ഗേറ്റിൽ ശ്രീമൂലനഗരം വിജയൻ സ്മാരക കമ്യൂണിറ്റി ഹാൾ എന്ന ബോർഡ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീമൂലനഗരം വെൺമണി വിഷ്ണു സാംസ്കാരിക കലാകേന്ദ്രം, അരങ്ങ് തിരുവൈരാണിക്കുളം എന്നീ സംഘടനകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പി.മനോഹരൻ യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.സജീവൻ അദ്ധ്യക്ഷനായി. കെട്ടിടത്തിൽ ശ്രീമൂലനഗരം വിജയന്റെ പേരുണ്ടെന്നും പ്രതിഷേധം അടിസ്ഥാന രഹിതമാണെന്നും, പ്രവേശന കവാടത്തിൽ പഞ്ചായത്ത് പേര് സ്ഥാപിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി സെബാസ്റ്റ്യൻ പറഞ്ഞു