നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ തുടർച്ചയായി മൂന്നാംദിവസവും സ്വർണവേട്ട. ആദ്യ രണ്ട് ദിവസം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ആയിരുന്നുവെങ്കിൽ ഇന്നലെ കസ്റ്റംസ് ഇന്റലിജൻസാണ് സ്വർണം പിടിച്ചത്.

കൊണ്ടോട്ടി സ്വദേശി അബ്ദുൾ റഹ്മാനാണ് പിടിയിലായത്. പുലർച്ചെ കൊച്ചിയിലെത്തിയ എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ അബ്ദുൾ റഹ്മാൻ ഡോർ ലോക്കറിനകത്ത് ദണ്ഡ് രൂപത്തിലാക്കി 950 ഗ്രാം സ്വർണമാണ് ഒളിപ്പിച്ചിരുന്നത്. 30 ലക്ഷത്തോളം രൂപ വിലവരും. ഇത് ഒറ്റക്കട്ടിയാക്കി ഡോർ ലോക്കറിൽ ഉരുക്കി വയ്ക്കുകയായിരുന്നു.
നെടുമ്പാശേരിയിൽ ഒരാഴ്ചയ്ക്കുള്ളിൽ സ്വർണക്കടത്തിൽ 12 പേരാണ് പിടിയിലാകുന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളിലായി മാത്രം ഒമ്പത് പേർ പിടിയിലായിരുന്നു. ഇവരിൽ നിന്നും നാലര കിലോയോളം സ്വർണമാണ് ഡി.ആർ.ഐ പിടിച്ചെടുത്തത്.