ആലുവ: തോട്ടക്കാട്ടുകരയിൽ പൂട്ടിയിട്ട വീട്ടിൽ നടന്ന കവർച്ചാശ്രമത്തിൽ കേസെടുക്കാൻ വൈകിയതിനെ തുടർന്നുണ്ടായ വിമർശനമുൾക്കൊണ്ട പൊലീസ് അന്വേഷണം ഊർജിതമാക്കി. വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി ടി.വി കാമറ ദൃശ്വങ്ങളിൽ പതിഞ്ഞ അഞ്ചംഗ സംഘത്തിലെ മൂന്നുപേരെ തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് കണ്ടെത്തിയത്. ഒരാൾ സ്ത്രീവേഷം ധരിച്ചിരുന്നെങ്കിലും പുരുഷനാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. പ്രൊഫഷണൽ കവർച്ചാസംഘമെന്ന് തോന്നിപ്പിക്കുന്ന ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെക്കുറിച്ചുള്ള കൂടുതൽ വിവരം ലഭിക്കാത്തത് അന്വേഷണത്തെ കുഴയ്ക്കുകയാണ്.
റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തികിന്റെ ഔദ്യോഗിക വസതിക്ക് തൊട്ടടുത്ത വീട്ടിലാണ് കവർച്ചാശ്രമം നടന്നത്. ആലുവ തോട്ടയ്ക്കാട്ടുകര മണപ്പുറം റോഡിൽ അലി മൻസിലിൽ ബിജുവിന്റെ വീട്ടിൽ ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. അയൽവാസികളായ ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ കൃത്യം നടത്താതെ സംഘം കാറിൽ രക്ഷപെടുകയായിരുന്നു. ബിജു വിദേശത്താണ്. വീട്ടിൽ ഭാര്യ റോജിയും കുടുംബവുമാണ് താമസിച്ചിരുന്നത്. പൂജ അവധി പ്രമാണിച്ച് ഇവർ തൃശൂരിൽ സ്വന്തം വീട്ടിൽ പോയിരിക്കുകയായിരുന്നു. വീട്ടിൽ ആളില്ലെന്ന് മനസിലാക്കിയ സംഘമാണ് ആയുധങ്ങളുമായി കവർച്ചയ്ക്കത്തിയത്.
കാറിലെത്തിയ സംഘം ആദ്യം വീടിന്റെ ഗേറ്റിൽ സ്ഥാപിച്ചിരുന്ന കോളിംഗ് ബെല്ലടിച്ച് ആളില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം രണ്ടുപേർ വീടിന്റെ മതിൽ ചാടി അകത്തു കടക്കുകയായിരുന്നു. രണ്ട് പേർ കാറിൽ തന്നെയിരുന്നു.
കവർച്ചാസംഘം വീടിന്റെ പിൻവാതിൽ പൊളിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം കേട്ട് തൊട്ടടുത്ത വീട്ടിൽനിന്ന് ബന്ധുക്കൾ എത്തിയതോടെ സംഘം രക്ഷപെട്ടു.
തിങ്കളാഴ്ച്ച രാവിലെ തന്നെ വീട്ടുകാർ സി.സി ടി.വി ദൃശ്യം സഹിതം പരാതി നൽകിയെങ്കിലും ചൊവ്വാഴ്ച്ച രാത്രി എട്ടുമണി വരെ പൊലീസ് വീട്ടിലേക്ക് തിരിഞ്ഞ് നോക്കിയിരുന്നില്ല. വാർഡ് കൗൺസിലർ വിവരം എസ്.പിയുടെ ശ്രദ്ധയിൽപ്പെടുത്തിയ ശേഷമാണ് പൊലീസ് സ്ഥാലത്തെത്തിയതും അന്വേഷണം ഊർജിതമാക്കിയതും.