നെടുമ്പാശേരി: ജാതിയുടെയും മതത്തിന്റെയും സംഘടനകളുടെയും പേരിൽ രാജ്യത്ത് അനുദിനം മതിൽകെട്ടുകൾ ഉയരുന്ന വർത്തമാന കാലത്ത് നബി സന്ദേശങ്ങൾക്ക് പ്രസക്തിയേറുകയാണെന്ന് ജീലാനി സ്റ്റഡി സെന്റർ ദേശീയ അദ്ധ്യക്ഷൻ നാഇബെ ഖുതുബുസ്സമാൻ ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ശാഹ് ഖാദിരി ചിശ്തി പറഞ്ഞു.

'കരാർ പുതുക്കുക, പ്രവാചകരെ അറിയുക ' എന്ന ശീർഷകത്തിൽ ഒരു മസക്കാലം നീണ്ടു നിൽക്കുന്ന മീലാദ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാമാരിയിലൂടെ കാലത്തും മനുഷ്യമനസ്സുകളിൽ അകലം വർദ്ധിക്കുന്നത് അത്യന്തം ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാചക തിരുമേനിയുടെ പേരിൽ ആഗോള തലത്തിൽ നടക്കുന്ന രാഷ്ട്രീയവും മത പരവുമായ മുതലെടുപ്പുകൾ അപലപനീയമാണ്. മനസ്സുകളിൽ അടിഞ്ഞു കൂടിയിരിക്കുന്ന വെറുപ്പും വിദ്വേഷവും ഒഴിവാക്കി പരസ്പര സ്‌നേഹത്തിലും സഹകരണത്തിലും വർത്തിക്കുകയെന്നതാണ് അഭിലഷണീയമെന്നും അദ്ദേഹം പറഞ്ഞു.