rupee

കൊച്ചി : വകുപ്പുതല നടപടികളോ കേസോ നിലവിലുണ്ടെന്ന പേരിൽ, വിരമിച്ച സർക്കാർ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി തടഞ്ഞുവയ്ക്കാൻ അനുമതി നൽകുന്ന കേരള സർവീസ് ചട്ടത്തിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി.

ജീവനക്കാരൻ കുറ്റക്കാരനാണെന്ന് അന്തിമമായി തെളിഞ്ഞാലും, ഗ്രാറ്റുവിറ്റിയിൽ നിന്ന് സർക്കാരിന് പിഴത്തുകയോ നഷ്ടമോ ഇൗടാക്കാനാവില്ല. ഇത്തരം കേസുകളിൽ പെൻഷനിൽ നിന്നോ, സിവിൽ കേസാണ് നിലവിലുള്ളതെങ്കിൽ സ്വത്തിൽ നിന്നോ തുക ഇൗടാക്കാം. അന്തിമ വിധി വന്നാലും ഗ്രാറ്റുവിറ്റി തടയാൻ കഴിയില്ലെന്നിരിക്കെ ,നടപടികൾ നീണ്ടുപോകുന്ന കാലത്തോളം ഇതു തടഞ്ഞുവെക്കാൻ കാരണമില്ല.

ഗ്രാറ്റുവിറ്റി തടഞ്ഞതു ചോദ്യം ചെയ്യുന്ന രണ്ടു ഹർജികളിലെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (കെ.എ.ടി) വിധികൾക്കെതിരെ നൽകിയ അപ്പീലുകളാണ് ഹൈക്കോടതി പരിഗണിച്ചത്.എറണാകുളം സ്വദേശിയും മുൻ സർക്കാർ ജീവനക്കാരനുമായ ഡി. അലക്സാണ്ടറിനനുകൂലമായ കെ.എ.ടി വിധിക്കെതിര സർക്കാർ നൽകിയതും,, റിട്ട. സർക്കാർ ഉദ്യോഗസ്ഥനും വയനാട് സ്വദേശിയുമായകെ. ചന്ദ്രൻ മറ്റൊരു വിധിക്കെതിരെ നൽകിയതുമാണ് അപ്പീലുകൾ. കെ. ചന്ദ്രന്റെ കേസിൽ വിജിലൻസ് കോടതി വിധിച്ച ശിക്ഷക്കെതിരെ അപ്പീൽ നിലവിലുണ്ടെന്നും കുറ്റവിമുക്തനാക്കിയാൽ ഗ്രാറ്റുവിറ്റി വിട്ടു നൽകാമെന്നുമായിരുന്നു കെ.എ.ടിയുടെ വിധി.വകുപ്പുതല നടപടിയുടെ ഭാഗമായി തടഞ്ഞു വച്ച ഗ്രാറ്റുവിറ്റി അലക്സാണ്ടറിനു നൽകാനുള്ള കെ.എ.ടിയുടെ വിധിക്കെതിരെയായിരുന്നു സർക്കാരിന്റെ അപ്പീൽ. വിരമിക്കുന്നതോടെ തൊഴിലുടമയും ജീവനക്കാരനുമെന്ന ബന്ധം ഇല്ലാതാകുമെന്നും ആ നിലയ്ക്ക് മുൻ ജീവനക്കാരനെതിരെ സർക്കാരിന് നടപടി സാദ്ധ്യമല്ലാതെ വരുമെന്നുമായിരുന്നു സർക്കാരിന്റെ വാദം.ഇത്തരത്തിലുള്ള തുക പെൻഷനിൽ നിന്നേ ഇൗടാക്കാനാവൂ എന്നും, കുറഞ്ഞത് അഞ്ചു വർഷം സർവീസുള്ളവർ മരിച്ചാലോ വിരമിച്ചാലോ നൽകുന്ന ആനുകൂല്യം തടഞ്ഞുവയ്ക്കുന്നതിന് ന്യായീകരണമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.