# യുവതി അടക്കം രണ്ടുപേർക്കായി തെരച്ചിൽ
# ഇന്നോവ കാർ കണ്ടെത്തി
തൃക്കാക്കര: കൊല്ലം ഓയൂർ രേവതി വീട്ടിൽ ദിവാകരൻ നായരുടെ (64) മരണത്തിൽ ബന്ധുവടക്കം മൂന്നുപേരെ ഇൻഫോപാർക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.കൊലപാതകമാണെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസിന്റെ അന്വേഷണം മുറുകുന്നത്.
ഇൻഫോപാർക്ക് പൊലീസ് കൊല്ലം, കോട്ടയം മേഖലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കോട്ടയത്തെ പൊൻകുന്നത്തുനിന്നുമാണ് മൂവരെയും കസ്റ്റഡിയിൽ എടുത്തത്.
മൊബൈൽ വിളികൾ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിൽ മരണത്തിന് പിന്നിൽ ക്വട്ടേഷൻ സംഘത്തിന് പങ്കുളളതായും സൂചനയുണ്ട്. ദിവാകരൻ നായരുടെ അടുത്ത ബന്ധുവാണ് ക്വട്ടേഷന് പിന്നിൽ. ഇയാളും ദൗത്യം ഏറ്റെടുത്ത പൊൻകുന്നം സ്വദേശികളായ രണ്ടുപേരുമാണ് കസ്റ്റഡിയിലുള്ളത്.
സ്ഥലവില്പന നടത്തുന്നതിനെ ചൊല്ലി ബന്ധുക്കളുമായുള്ള ദിവാകരൻ നായരുടെ തർക്കും കൈയേറ്റത്തിൽ കലാശിച്ചിരുന്നു.
സംഘത്തിൽ മലപ്പുറം സ്വദേശിനിയും
മരണത്തിന് മുമ്പുളള ദിവസങ്ങളിൽ മലപ്പുറം സ്വദേശിനിയായ യുവതി ദിവാകരൻ നായരെ പലതവണ വിളിച്ചതായി അന്വേഷണസംഘം കണ്ടെത്തി. പിടിയിലായ ഒരാളുമായി 19 പ്രാവശ്യം യുവതി സംസാരിച്ചിട്ടുണ്ട്.
കാസർകോഡ് സ്വദേശിയുടെ നേതൃത്വത്തിൽ ക്വട്ടേഷൻ സംഘം മലപ്പുറം സ്വദേശിനിയെ ഉപയോഗിച്ച് ഹണി ട്രാപ്പിലൂടെയാണ് കാക്കനാട് വിളിച്ചുവരുത്തിയതെന്ന് സൂചനയുണ്ട്. എന്നാൽ യുവതി സംഭവ ദിവസം കാക്കനാട് എത്തിയതുമില്ല.
ഇന്നോവ കണ്ടെത്തി
ദിവാകരൻ സഞ്ചരിച്ച ഓട്ടോയെ പിന്തുടർന്ന ഇന്നോവ കാർ ഇന്നലെ കോട്ടയത്തുനിന്ന് അന്വേഷണസംഘം കണ്ടെത്തി. ഈ കാറിലായിരുന്നു ക്വട്ടേഷൻ സംഘം ദിവാകരനെ പിന്തുടർന്നത്.