
പെരുമ്പാവൂർ: എത്തിയത് തട്ടിക്കൂട്ട് അറ്റകുറ്റപ്പണിക്ക്. നാട്ടുകാർ സംഘടിച്ചതോടെ മുട്ടുമടക്കി പൊതുമരാമത്ത് വകുപ്പ്. വെങ്ങോല പി.പി റോഡിലെ ടാറിംഗിന് മുന്നോടിയായുള്ള അറ്റകുറ്റപ്പണി നാട്ടുകാരുടെ ആവശ്യപ്രകാരം മെറ്റൽ നീക്കം ചെയ്ത് അർദ്ധരാത്രിയോടെ പൂർത്തിയാക്കി. അല്ലപ്ര മുതൽ വെങ്ങോല വരെയുള്ള ഭാഗമാണ് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അറ്റകുറ്റപ്പണി നടത്തിയത്. പി.പി റോഡിലെ അപകട പരമ്പര ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് പെതുമരാമത്ത് വകുപ്പ് തുടർ നടപടികൾ ആരംഭിച്ചത്. രണ്ട് ദിവസം മുമ്പ് അല്ലപ്ര- വെങ്ങോല പാതയിലെ അറ്റകുറ്റപ്പണിക്ക് മുന്നോടിയായി പുക്കാട്ടുപടിയിൽ നിന്നും റോഡിൽ നിന്നും ഇളക്കിമാറ്റിയ മെറ്റൽ വിതറിയിരുന്നു. ഇതാണ് ഒന്നിന് പിന്നാലെ ഒന്നായി അപകടത്തിന് വഴിവച്ചത്.റോഡിൽ നിക്ഷേപിച്ച മെറ്റലിന് മുകളിലൂടെ ടാറ് ചെയ്യാനായിരുന്നു പി.ഡബ്ല്യു.ഡി നീക്കം. എന്നാൽ നാട്ടുകാർ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്ത് വരികയായിരുന്നു. മെറ്റൽ റോഡിൽ നിന്നും നീക്കിയശേഷം ടാറിംഗ് നടത്തിയാൽ മതിയെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഒടുവിൽ പി.ഡബ്ല്യു.ഡി മെറ്റൽ മാറ്റി ടാറിംഗ് പൂർത്തിയാക്കുകയായിരുന്നു. അതേസമയം റോഡിൽ ടാറോട് കൂടിയ മെറ്റൽ വിരിച്ചത് നാട്ടുകാർക്ക് ബോണസായി നൽകിയതാണെന്ന വിചിത്ര വിശദീകരണമാണ് സംഭവസ്ഥലത്തെത്തിയ പൊതുമരാമത്ത് ഉദ്യോദഗസ്ഥൻ പറഞ്ഞത്.