
ആലുവ: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി കുഞ്ഞിന് ജന്മം നൽകി ഏഴാംനാൾ മരണത്തിന് കീഴടങ്ങി. കീഴ്മാട് മാടപ്പിള്ളിത്താഴം അമ്പാട്ടുകുഴി വീട്ടിൽ രതീഷിന്റെ ഭാര്യ അഞ്ജലി (22)യാണ് മരിച്ചത്. പൂർണ്ണ ഗർഭിണിയായിരിക്കെ കൊവഡ് ബാധിച്ച് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതി സിസേറിയനിലൂടെ ആൺകുട്ടിക്ക് ജന്മം നൽകി. തുടർന്നും വെന്റിലേറ്ററിലായിരുന്ന യുവതി ഏഴാം നാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇടുക്കി സ്വദേശിനിയായിരുന്ന അഞ്ജലി മാതാവ് മരിച്ചതിനെ തുടർന്ന് പത്താമത്തെ വയസ് മുതൽ തോട്ടുമുഖം ശ്രീനാരായണ ഗിരിയുടെ സംരക്ഷണയിലാണ് വളർന്നത്. സമാജത്തിന് കീഴിലുള്ള പ്രിന്റിംഗ് പ്രസിലെ ജീവനക്കാരിയായിരിക്കെ 2019 മെയ് 24നാണ് കേബിൾ ടി.വി ടെക്‌നീഷ്യനായ രതീഷ് വിവാഹം കഴിച്ചത്. രണ്ടാഴ്ച്ച മുമ്പ് കൈ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അശോകപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി. ഇവിടെ നടന്ന പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുത്തത്. തുടർന്നും വെന്റിലേറ്ററിലായിരുന്ന യുവതി ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മരിച്ചത്. നാട്ടിൽ ബന്ധുക്കൾക്കൊപ്പമായിരുന്ന അഞ്ജലിയുടെ ഏക സഹോദരൻ ക്യാൻസർ ബാധിച്ച് മരണപ്പെട്ടിരുന്നു. ശ്രീനാരായണ സാംസ്‌കാരിക സമിതി ജില്ലാ പ്രസിഡന്റായിരുന്ന കോതാട് കോരമ്പാടം നടുവിലേപ്പറമ്പിൽ എൻ.കെ. ബൈജു മൂത്തമകന്റെ വിവാഹത്തോടനുബന്ധിച്ചാണ് അഞ്ജലിക്ക് മംഗല്യ സൗഭാഗ്യമൊരുക്കിയത്.