
കോതമംഗലം: ഹണി ട്രാപ്പിൽ പെടുത്തി മുവാറ്റുപുഴ സ്വദേശിയും വ്യാപാരിയുമായ മദ്ധ്യവയസ്കനിൽ നിന്ന് പണം തട്ടിയെടുത്ത ആറംഗ സംഗത്തിലെ അഞ്ച് പേർ പൊലീസിന്റെ പിടിയിൽ. മുവാറ്റുപുഴയിൽ ഡി.ടി.പി സെന്റർ നടത്തിയിരുന്നയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന യുവതിയാണ് ഒന്നാം പ്രതി. നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന കുട്ടമ്പുഴ ഇഞ്ചത്തൊട്ടി സ്വദേശിനി മുളയംകോട്ടിൽ ആര്യ (25), കുറ്റിലഞ്ഞി കപ്പടക്കാട്ട് അശ്വിൻ (19), കുറ്റിലത്തി കാത്തിരക്കുഴി ആസിഫ് ഷാജി (19), നെല്ലിക്കുഴി പറമ്പി റിസ്വാൻ ഷുഹൈബ് (21), നെല്ലിക്കുഴി കാപ്പ് ചാലിൽ മുഹമ്മദ് യാസിൻ (22) എന്നിവരാാണ് അറസ്റ്റിലായത്.
മുവാറ്റുപുഴയിലെ ഡി.ടി.പി സെന്ററിൽ ജോലി ചെയ്തിരുന്ന ആര്യ ലോക്ക് ഡൗണിനെ തുടർന്ന് കടയിലെ ജോലി ഉപേക്ഷിച്ചിരുന്നു. തനിക്ക് അങ്കമാലിയിലെ ഒരു സ്ഥാപനത്തിൽ ജോലി ലഭിച്ചെന്നും അതിന്റെ സന്തോഷത്തിനായി ഒരു പാർട്ടി നടത്തുന്നുണ്ടെന്നും അതിൽ പങ്കെടുക്കണമെന്നും പറഞ്ഞ് കോതമംഗലത്തെെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് വ്യാപാരിയെ വിളിച്ചു വരുത്തുകയും കട ഉടമയും ആര്യയും റൂമിൽ ഇരിക്കവെ കൂട്ടുപ്രതികൾ ഇവരുടെ ചിത്രം മൊബൈലിൽ പകർത്തുകയും ചെയ്തു. തുടർന്ന് സോഷ്യൽ മീഡിയ വഴി ചിത്രം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. കടയുടമയുടെ എ.ടി.എം കാർഡ് തട്ടിയെടുത്ത് പുറത്തിറങ്ങിയ സംഘം 35,000 രൂപ പിൻവലിക്കുകയും വ്യാപാരിയെയും കൂട്ടി കാറിൽ കറങ്ങുകയുമായിരുന്നു. കോട്ടപ്പടിയിലെ കോളേജിൽ ഒരു ആവശ്യവുമായി അശ്വിൻ കാറിൽ നിന്നിറങ്ങി. ഈസമയത്ത് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് കടയുടമ കോളേജിലെ ജീവനക്കാരനോട് വിവരം പറഞ്ഞു. ഇതു കണ്ട പ്രതികൾ ഇയാളെ ക്രൂരമായി മർദ്ദിക്കുകയും റോഡിൽ ഉപേക്ഷിച്ച് കടന്നു കളയുകയും ചെയ്തു.
കോളേജിലേക്ക് പോയ അശ്വിനെ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തു. തുടർന്ന് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മുഖ്യ പ്രതിയായ ആര്യയെ പിടികൂടി. കൂടെയുണ്ടായിരുന്ന ഷിഹാബ് ബൈക്കിൽ രക്ഷപ്പെട്ടു. കോതമംഗലം പൊലീസ് ഇൻസ്പെക്ടർ ബി. അനിൽ, എസ്. ഐ ശ്യാംകുമാർ, എ.എസ്.ഐ നിജു ഭാസ്കർ എന്നിവരുടെ നേതൃത്വത്തിലുുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. മെഡിക്കൽ പരിശോധനയിൽ മുഹമ്മദ് റിയാസിന് കൊവിഡ് സ്ഥിരീകരിച്ചു.