himachal-pradesh-hc

സ്വകാര്യതയെന്നതു നേരിയ മറമാത്രമായി ശോഷിക്കുകയും ചിന്തയും ചിത്രങ്ങളും പൊതുവേദികളിൽ പോസ്റ്റ് ചെയ്ത് ആഘോഷിക്കുകയും ചെയ്യുന്ന കാലമാണിത്. ഇങ്ങനെ ആഘോഷങ്ങൾക്കൊപ്പം പക തീർക്കാനുള്ള വേദി കൂടിയാക്കി സോഷ്യൽ മീഡിയയെ മാറ്റിയെടുക്കുന്നവർക്ക് നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടനാവില്ലെന്ന വ്യക്തമായ സന്ദേശം നൽകുന്നൊരു വിധി അടുത്തിടെ ഹിമാചൽ ഹൈക്കോടതിയിൽ നിന്നുണ്ടായി. ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്നുവെന്നാരോപിച്ചുള്ള ഒരു ഗാർഹിക പീഡനക്കേസിൽ ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാണ് ജസ്റ്റിസ് വിവേക് സിംഗ് താക്കൂറിന്റെ മുന്നറിയിപ്പ്. മാണ്ഡി സ്വദേശിയായ അഭിഷേക് മംഗളയാണ് ഭാര്യയുടെ പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യയുടെ നഗ്നചിത്രം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കു വെച്ചെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.വിവാഹം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോൾ മുതൽ ഭർതൃവീട്ടുകാർ തന്നെ ദ്രോഹിക്കാൻ തുടങ്ങിയതാണെന്നും പീഡനം സഹിക്കാൻ കഴിയാതെ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയ തന്നെ ക്ഷമ പറഞ്ഞു തിരിച്ചു വിളിച്ചു കൊണ്ടു വന്ന് ഭർത്താവ് ചെയ്ത ദ്രോഹങ്ങൾ ചൂണ്ടിക്കാട്ടിയാണ് അഭിഷേകിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയത്. തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പകർത്തിയ ദൃശ്യങ്ങൾ അഭിഷേക് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തെന്നും യുവതിയുടെ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഗാർഹിക പീഡനക്കേസിൽ അഭിഷേകിനു പുറമേ ഇയാളുടെ അമ്മ, അച്ഛൻ, സഹോദരി എന്നിവരെയും പ്രതി ചേർത്താണ് യുവതി പരാതി നൽകിയിരുന്നത്.

ഭാര്യയെ സംരക്ഷിക്കാൻ കടമയുള്ള ഭർത്താവ് തന്നെ ഇത്തരമൊരു പ്രവൃത്തി ചെയ്തത് ഹീനമായ കുറ്റകൃത്യമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. അവളുടെ മാനം സംരക്ഷിക്കാൻ ചുമതലപ്പെട്ടയാൾ തന്നെ പൊതുസ്ഥലത്തു വച്ച് തുണിയുരിയുന്നതെത്ര ക്രൂരമാണ്. ഇത്തരമൊരു സംഭവം അവളുടെ ആത്മാവിനും മനസിനും ഏൽപിച്ച മുറിവ് സങ്കല്പിക്കാനാവുന്നതിലുമപ്പുറമാണെന്നും കോടതി പറഞ്ഞു. ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം പവിത്രമാണ്. പരസ്പരമുള്ള വിശ്വാസത്തിലും ഐക്യത്തിലും ഉൗട്ടിയുറപ്പിച്ച ബന്ധമാണിത്. ഇത്തരമൊരു ബന്ധത്തിലൂടെ രൂപപ്പെടുന്ന സുരക്ഷിതത്വമാണ് കുടുംബ ജീവിതത്തിന്റെ അടിത്തറ. സ്വന്തം ഭാര്യയുടെ നഗ്ന ചിത്രങ്ങൾ പകർത്തി അവളുടെ പേരിൽ ഫേസ് ബുക്കിൽ ഫേക്ക് അക്കൗണ്ട് തുടങ്ങി അതിലൂടെ പൊതുയിടങ്ങളിൽ പ്രദർശിപ്പിച്ച പ്രതിയുടെ നടപടി പൊതു സ്ഥലത്തു വച്ച് അവളെ വിവസ്ത്രയാക്കുന്നതിനു തുല്യമാണ്. ആ നിലയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

വീട്ടുവേലക്കാരിയായ 13 കാരിക്കു വേണ്ടി

ഉത്തരഖണ്ഡിലെ ഹരിദ്വാറിലെ സീനിയർ ഡിവിഷൻ സിവിൽ ജഡ്ജിയുടെ വീട്ടിലൊരു കെച്ചു വേലക്കാരി ജോലി നോക്കിയിരുന്നു. 13 വയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി. രാജ്യമെങ്ങും ബാലവേല കുറ്റമാണെന്ന സ്ഥിതി നിലവിലുള്ള നാട്ടിൽ 2015 മുതൽ 2018 വരെ ഒരു വനിതാ ജഡ്ജിയുടെ വീട്ടിലാണ് കൊച്ചു വേലക്കാരി ജോലിയെടുത്തിരുന്നത്. ജഡ്ജിയായ ദീപാലി ശർമ്മയുടെ വീട്ടിൽ ക്രൂരമായ ശാരീരിക പീഡനങ്ങൾ സഹിച്ചു ജോലി ചെയ്തിരുന്ന പെൺകുട്ടിയെ പൊലീസാണ് രക്ഷപ്പെടുത്തിയത്. ജഡ്ജിയുടെ വീട്ടിൽ റെയ്ഡ് നടത്തി പിടികൂടിയ പെൺകുട്ടിയുടെ ശരീരത്തിലെ മുറിവുകൾ അവൾ അനുഭവിച്ച ദുരിതങ്ങൾക്ക് സാക്ഷ്യം പറഞ്ഞു. ഇതു സംബന്ധിച്ച് സർക്കാർ നൽകിയ റിപ്പോർട്ട് ഉത്തരഖണ്ഡ് ഹൈക്കോടതിയും പരിഗണിച്ചു. ഒടുവിൽ സിവിൽ ജഡ്ജിയെ സർവീസിൽ നിന്ന് നീക്കാൻ ഹൈക്കോടതി ഫുൾബെഞ്ച് ശുപാർശ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ദീപാലി ശർമ്മയെ ജുഡിഷ്യൽ സർവീസിൽ നിന്നു നീക്കി. പതിമൂന്നുകാരിയായ പെൺകുട്ടിയുടെ ജീവിതത്തിൽ നിന്ന് മൂന്നു വർഷങ്ങളാണ് കൊടിയ പീഡനങ്ങളുടെ തീച്ചൂളയിൽ ഹോമിച്ചു കളഞ്ഞത്. കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന നിയമം നില നിൽക്കുന്ന നാട്ടിൽ ഒരു ജഡ്ജിയുടെ വീട്ടിൽ തന്നെ ബാലവേല കണ്ടെത്തിയതിനെ ഉത്തരഖണ്ഡ് ഹൈക്കോടതിയും വിമർശിച്ചിരുന്നു. പുസ്തകങ്ങളുടെ ലോകത്തും കൂട്ടുകാരികൾക്കിടയിലുമായി സന്തോഷത്തോടെ പറന്നു നടക്കേണ്ട ഒരു പൂമ്പാറ്റയുടെ കുഞ്ഞു മനസിനെ നോവിച്ചവർക്കുള്ള താക്കീതായി ആ വിധിയും.