pocso-court
ആലുവയിൽ തിങ്കളാഴ്ച്ച പോക്സോ കോടതിയാരംഭിക്കുന്ന കെട്ടിടത്തിൽ ഒരുക്കങ്ങൾ നടത്തുന്നു

കൊവിഡിനെ തുടർന്ന് വൈകിയത് ഏഴ് മാസം

ആലുവ: സംസ്ഥാനത്ത് അനുവദിച്ച 28 പോക്‌സോ കോടതികളിൽ ആലുവയിലേത് ഉൾപ്പെടെ അഞ്ച് എണ്ണം തിങ്കളാഴ്ചയാരംഭിക്കും. ആലുവയ്ക്ക് പുറമെ നെയ്യാറ്റിൻകര, മഞ്ചേരി, തിരൂർ, ഹോസ്ദുർഗ് എന്നിവിടങ്ങളിലെ കോടതികളാണ് തിങ്കളാഴ്ച്ച വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നത്.

കേന്ദ്ര സർക്കാരാണ് പോക്‌സോ കോടതിക്ക് പണം അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ മാർച്ച് 31നകം കോടതി പ്രവർത്തനം ആരംഭിക്കണമെന്നായിരുന്നു നിർദ്ദേശം. ഇതേതുടർന്ന് ആലുവയിൽ സീനത്ത് തീയറ്ററിന് എതിർവശം മാമ്പിള്ളി ബിൽഡിംഗിൽ 2500 ചതുരശ്ര അടി സ്ഥലം കണ്ടെത്തിയെങ്കിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഉദ്ഘാടനം നടന്നില്ല. ലോക്ക് ഡൗൺ ഇളവുകളെ തുടർന്നാണ് തിങ്കളാഴ്ച്ച കോടതി തുറക്കുന്നത്. പുതിയ കോടതികളുടെ ചുമതലയുള്ള ജില്ലാ ജഡ്ജി കൗസർ എടപ്പഗത്ത് നേരത്തെ കെട്ടിടം സന്ദർശിച്ചിരുന്നു. ജില്ലയിൽ അനുവദിച്ച മറ്റൊരു പോക്സോ കോടതി നേരത്തെ പെരുമ്പാവൂരിൽ പ്രവർത്തനമാരംഭിച്ചിരുന്നു.

പ്രവേശനോത്സവം

മുഖ്യമന്ത്രിയുടെ ഓൺലൈൻ ഉദ്ഘാടന ശേഷം 3.30ന് കോടതി പ്രവേശനം കൊവിഡ് പ്രോട്ടോകോൾ പാലിച്ച്‌ നടക്കും. അൻവർ സാദത്ത് എം.എൽ.എ, നിയുക്ത ജഡ്ജി ഷിബു തോമസ്, ചെയർപേഴ്‌സൺ ലിസി എബ്രഹാം, വാർഡ് കൗൺസിലർ ഷൈജി രാമചന്ദ്രൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് എം.പി. ജോൺസൺ, സെക്രട്ടറി സലിം കുമാർ, ബാർ കൗൺസിൽ ട്രഷറർ കെ.കെ. നാസർ തുടങ്ങിയവർ പങ്കെടുക്കും.

ആദ്യഘട്ടം ആഴ്ച്ചയിൽ രണ്ട് ദിവസം സിറ്റിംഗ്

ആദ്യഘട്ടം ആഴ്ചയിൽ രണ്ട് ദിവസമാണ് സിറ്റിംഗ്. അഡീഷണൽ ജില്ലാ ജഡ്ജ് ഷിബു തോമസിനാണ് ചുമതല. സിറ്റിംഗ് ദിനങ്ങൾ തിങ്കളാഴ്ച്ച തീരുമാനിക്കും.

പുതിയ കോടതി സമുച്ചയം

ആലുവയിൽ 12 കോടി രൂപ ചെലവിൽ കോടതി സമുച്ചയം നിർമ്മിക്കുന്നതിനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്. മണ്ണ് പരിശോധന ഉൾപ്പെടെ പൂർത്തിയായി. എട്ട് നിലയിൽ എട്ട് കോടതികൾക്ക് നിർദ്ദേശമാണുണ്ടായതെങ്കിലും അഞ്ച് നിലയിൽ അഞ്ച് കോടതികൾ നിർമ്മിക്കുന്നതിനാണ് ആദ്യഘട്ടം ഹൈക്കോടതി കെട്ടിട വിഭാഗം അനുവദിച്ചത്.

നിലവിൽ രണ്ട് മജിസ്‌ട്രേറ്റ് കോടതികളും ഒരു മുൻസിഫ് കോടതിയുമാണുള്ളത്. പുറമെയാണ് പോക്സോ കോടതി. കുടുംബ കോടതിക്ക് തത്വത്തിൽ അംഗീകാരമായെങ്കിലും ഇനിയും കടമ്പകൾ കടക്കണം.