
കൊച്ചി: മെട്രോപ്പൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി നവംബർ ഒന്നിന് ജില്ലയിൽ പ്രവർത്തനം തുടങ്ങും. ഉദ്ഘാടനം ഒന്നിന് ഉച്ചക്ക് 2.30 ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും.
ആദ്യഘട്ടത്തിൽ കൊച്ചി കോർപ്പറേഷൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് അതോറിറ്റി പ്രവർത്തിക്കുക. പിന്നിട് ജിഡ, ജി.സി.ഡി.എ പരിധിയിലെ പ്രദേശങ്ങളിലും അതോറിറ്റി വാഹന സൗകര്യം ഒരുക്കും.
യാത്രക്കാരുടെ ആവശ്യത്തിനും താല്പര്യത്തിനുമനുസരിച്ച് പൊതുഗതാഗതം ഒരുക്കുക എന്നതാണ് അതോറിറ്റി ലക്ഷ്യം. റെയിൽവെ, മെട്രോ റെയിൽ, ബസ് സർവീസ്, ടാക്സി സർവീസ്, ഓട്ടോറിക്ഷ, സൈക്കിൾ തുടങ്ങിയ ഗതാഗതമാർഗങ്ങളുടെ ഏകോപനം ആദ്യഘട്ടത്തിൽ ഉറപ്പാക്കി.
സർവീസ് ബസുകളെ ചേർത്ത് കമ്പനി രൂപീകരിച്ചു.
ഓട്ടോ സർവീസുകൾ ഒന്നിപ്പിക്കുന്ന സൊസൈറ്റി രൂപീകരിച്ചു. കൊച്ചി മെട്രോയുടെ കീഴിലെ സൈക്കിൾ യാത്രയും ഇതിനു ഉപയോഗിക്കും. യാത്രക്കാർക്ക് ഒരു ടിക്കറ്റിൽ ഏത് ഉപാധിയിലൂടെയും യാത്ര ചെയ്യാവുന്ന സൗകര്യവും ഒരുക്കും.
മെട്രോ വൺ കാർഡ് പദ്ധതിയും ബസുകളിൽ സ്മാർട്ട്കാർഡുപയോഗിച്ചുള്ള യാത്രയും നിലവിലുണ്ട്. 150 ബസുകളിലാണ് സംവിധാനമുള്ളത്. ഓട്ടോ റിക്ഷകളിലേക്കും ബോട്ട് സർവീസിലേക്കും ഇത് വ്യാപിപ്പിക്കും.
കേന്ദ്ര നിർദ്ദേശം
മെട്രോ നഗരങ്ങളിലെല്ലാം യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി വേണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് കേരള മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി രൂപീകരിച്ചത്. നിലവിൽ വരുന്നതോടെ പൊതുഗതാഗത സംവിധാനങ്ങളും റോഡുകളും ട്രാഫിക് നിയന്ത്രണവും അതോറിറ്റിയുടെ പൂർണ നിയന്ത്രണത്തിലാകും. റോഡ് അറ്റകുറ്റപ്പണികളും അതോറിറ്റിയുടെ മേൽനോട്ടത്തിലാകും.
നഗരമുഖം മാറ്റും
നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങൾ അതോറിറ്റി നടപ്പാക്കും.
സൈക്കിൾ യാത്രക്കാർക്കായി റോഡിനോടു ചേർന്ന് പ്രത്യേക പാത ഒരുക്കും.
നടപ്പാതകൾ ഭിന്നശേഷീ സൗഹൃദമാക്കും.
മൊബൈൽ ആപ് വഴിയാകും ഏകോപനം.
ആദ്യം ബോട്ട് പിന്നീട് യാത്ര ബസിൽ അതിനു ശേഷം ടാക്സിയിൽ തുടങ്ങി യാത്രക്കാരന്റെ ഇഷ്ടമനുസരിച്ച് ആപ്പിൽ കാണിക്കും.
സ്മാർട്ട് കാർഡ് ഉള്ളവർക്ക് ഒറ്റത്തവണയായി തന്നെ യാത്രാനിരക്ക് അടയ്ക്കാൻ സൗകര്യവുമുണ്ടാകും.
മന്ത്രി അദ്ധ്യക്ഷൻ
ഗതാഗതമന്ത്രി അദ്ധ്യക്ഷനായാണ് അതോറിറ്റി രൂപീകരിക്കുന്നത്. ഗതാഗത സെക്രട്ടറി ഉപാദ്ധ്യക്ഷനായിരിക്കും. മേയർ, എം എൽ എ, ഗതാഗത വിദഗ്ദ്ധർ എന്നിവരുമുണ്ടാകും. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഖ്യ ചുമതല വഹിക്കും.