
പറവൂർ: സംരംഭകർക്കായി നഗരസഭ ഒരുക്കിയ ബിസിനസ് സെന്റർ വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നമ്പൂരിയച്ചൻ ആലിന് സമീപത്തുള്ള കെ.ആർ. വിജയൻ ഷോപ്പിംഗ് കോംപ്ലക്സിന്റെ മൂന്നാം നിലയിലാണ് പത്ത് ബിസിനസ് സംരഭകരുടെ ഓഫിസുകൾ പ്രവർത്തിപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. ദേശീയ നഗര ഉപജീവന മിഷന്റെ (എൻ.യു.എൽ.എം) ഫണ്ടും നഗരസഭ പദ്ധതി വിഹിതത്തിലെ തുകയും ഉൾപ്പെടെ 35 ലക്ഷം രൂപ ഉപയോഗിച്ചാണ് രണ്ടായിരം ചതുരശ്രയടിയുള്ള ബിസിനസ് സെന്റർ. ദേശീയ നഗര ഉപജീവന കേന്ദ്രത്തിൽ കുടുംബശ്രീ ഉത്പന്നങ്ങൾ വില്ക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും സൗകര്യമുണ്ടാവും. നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ജെസി രാജു, സ്റ്റാക്ഷിംഗ് കമ്മിറ്റി ചെയർമാൻന്മാരായ ജലജ രവീന്ദ്രൻ, ഡെന്നി തോസ്, ടി.വി. നിഥിൻ, അജിത ഗോപാലൻ, വി.എ. പ്രഭാവതി, മുൻ ചെയർമാന്മാരായ രമേഷ് ഡി.കുറുപ്പ്, ഡി. രാജ്കുമാർ, പ്രതിപക്ഷ നേതാവ് കെ.എ. വിദ്യാനന്ദൻ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഹരികിഷോർ, സിറ്റി മിഷൻ മാനേജർ എൻ. യാസർ, നഗരസഭ സെക്രട്ടറി ബിജുമോൻ ജേക്കബ് എന്നിവർ പങ്കെടുത്തു.