
കോതമംഗലം: മണ്ഡലത്തിൽ നടപ്പിലാക്കുന പുരപ്പുറ സൗരോർജ പദ്ധതി ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സർക്കാരിന്റെ സൗര പദ്ധതി പ്രകാരം കെ.എസ്.ഇ.ബി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. തങ്കളം വിടെക് മാരുതി സർവീസ് സെന്ററിൽ 300 ചതുരശ്ര അടി സൗരോർജ പാനലുകൾ സ്ഥാപിച്ചുകൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സർവീസ് സെന്ററിലെ ആവശ്യം കഴിഞ്ഞ് മിച്ചം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി തിരിച്ചെടുക്കും. പദ്ധതിയുടെ തുടർപ്രവർത്തനത്തിന്റെ ഭാഗമായി നിയോജക മണ്ഡലത്തിലെ 130 കേന്ദ്രങ്ങളിൽ പ്ലാന്റുകളുടെ നിർമ്മാണം നടന്നു വരുന്നതായും എം.എൽ.എ പറഞ്ഞു. ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ കെ.ആർ രാജീവ്, എൻ.കെ.ഗോപി, മനോജ് കെ, പി സി. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.