
കൊച്ചി: രാജ്യത്ത് സൈനികരുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി ലക്ഷങ്ങൾ തട്ടുന്ന സംഘം കേരളത്തിലും വലവിരിക്കുകയാണ്. കൊച്ചി, കണ്ണൂർ, തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയിലൂടെ സെക്കൻഡ് ഹാൻഡ് വീട്ടുപരണങ്ങളും ഇലക്ട്രേണിക് വസ്തുക്കളും ആശ്ചര്യപ്പെടുത്തുന്ന വിലക്കിഴിയിൽ പരസ്യങ്ങൾ നൽകിയുമാണ് ആളുകളെ വീഴ്ത്തുന്നത്. സ്ഥലമാറ്റമായതിനാൽ സാധങ്ങൾ ചെറിയ തുകയ്ക്ക് വിറ്റഴിച്ച് പോവുകയാണെന്നാണ് പരസ്യങ്ങൾ. ബന്ധപ്പെടുന്നവർക്ക് ആദ്യം ഫോട്ടോ അയച്ചു നൽകും. പിന്നീട് പെയ്‌മെന്റ് ആപ്പുകൾ വഴിയോ ഓൺലൈനായോ പണം നൽകാൻ ആവശ്യപ്പെടും. ഇതാണ് തട്ടിപ്പിന്റെ രീതി. യഥാർത്ഥ ബില്ല് ആവശ്യപ്പെട്ടാൽ കൊറിയർ സർവീസ് വഴി സാധനങ്ങൾ എത്തുമ്പോൾ അതിനുള്ളിൽ ഉണ്ടാവുമെന്നായിരിക്കും വിശദീകരണം.
രാജ്യം മുഴുവൻ തട്ടിപ്പ്
ഗോവ, ആന്ധ്രപ്രദേശ്, മദ്ധ്യപ്രദേശ്, അരുണാചൽപ്രദേശ് സംസ്ഥാനങ്ങളിൽ സമാനമായ തട്ടിപ്പുകൾ നടന്നിട്ടുണ്ട്. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വോക്‌സിയ പോർട്ടൽ വഴി കഴിഞ്ഞ മാർച്ച് മുതൽ 25 പരാതികളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. എല്ലാം സൈനിക ഉദ്യോഗസ്ഥരുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾ വഴിയാണ്. പലപ്പോഴും തട്ടിപ്പിന് ഇരയായി സാധനങ്ങളോ പൈസയോ തിരിച്ച് കിട്ടാതാവുമ്പോഴാണ് യഥാർത്ഥ ഉദ്യോഗസ്ഥൻ വിവരമറിയുക.കൊച്ചിയിൽ അരുണാചൽ പ്രദേശ് സ്വദേശിയായ കേതൻ ജോപിർ എന്ന സൈനികന്റെ പേരിൽ ഒ.എൽ.എക്‌സിൽ വ്യാജ അക്കൗണ്ടാണ് തട്ടിപ്പുകാർ സൃഷ്ടിച്ചിരുന്നത്. എയർഫോഴ്‌സിൽ ഉദ്യോഗസ്ഥനാണെന്നും സ്ഥലംമാറ്റം ലഭിച്ചതിനാൽ അടിയന്തരമായി സാധനങ്ങൾ വിറ്റഴിക്കുകയാണെന്നുമായിരുന്നു പരസ്യം. ഹോംഡെലിവറി മാത്രമാണ് നടക്കുകയെന്നും അഡ്വാൻസായി നിശ്ചിത തുക അയച്ചു നൽകണമെന്നും പരസ്യത്തിലുണ്ടായിരുന്നു.
പൊറുതിമുട്ടി കേതൻ ജോപിർ
ആറു മാസമായി തട്ടിപ്പിന് ഇരയായ നിരവധി പേരാണ് വിളിക്കുന്നതെന്ന് കേതൻ പറഞ്ഞു. തന്റെ പേരിൽ അഞ്ചു വ്യാജ ഫേയ്‌സ് ബുക്ക് ഐ.ടിയും രണ്ടു പേജുകളും തട്ടിപ്പുകാർ ഉണ്ടാക്കി. സംശയം തോന്നുന്നവർക്ക് യൂണിഫോമിൽ നിൽക്കുന്ന ഫോട്ടോകളാണ് വ്യാജന്മാർ നൽകുന്നത്. ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തിരുന്നു. സ്വദേശമായ പസിഗണ്ഡ് പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്.