കിഴക്കമ്പലം: ഇന്ദിരാജി ചാരിറ്റബിൾ സൊസൈറ്റിയുടെ 'ജനങ്ങൾക്കൊരു കൈത്താങ്ങ് ' പദ്ധതി നാളെ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. വി.പി സജീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും. കിഴക്കമ്പലം സർവീസ് സഹകരണ ബാങ്കിന്റെ നീതി സൂപ്പർമാർക്കറ്റു വഴി നിത്യോപയോഗ സാധനങ്ങൾ പകുതി വിലയ്ക്ക് വിതരണം ചെയ്യുന്ന പദ്ധതിയാണിത്. കിഴക്കമ്പലം പഞ്ചായത്തിലെ റേഷൻ കാർഡുടമകളെയാണ് പദ്ധതിയുടെ ഭാഗമാക്കുന്നത്. അരി, വെളിച്ചെണ്ണ, പഞ്ചസാര, ചായപ്പൊടി,മുളക്, മല്ലി, മഞ്ഞൾ, പുട്ട്, അപ്പം പൊടികൾ, കടല, വൻപയർ, മുട്ട, പാൽ, സവാള എന്നിവ വിപണി വിലയേക്കാൾ പകുതി വിലയ്ക്ക് നല്കുമെന്ന് സൊസൈറ്റി പ്രസിഡന്റ് ബാബു സെയ്താലി പത്ര സമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും വില്പന. ഓരോ വാർഡുകാർക്ക് സമയക്രമവും നല്കിയിട്ടുണ്ട്. നിലവിൽ 5500 ലേറെ പേർ പദ്ധയിൽ അംഗങ്ങളായതായി ജനറൽ സെക്രട്ടറി സജിപോൾ പറഞ്ഞു.