
കൊച്ചി: മഹാരാഷ്ട്ര അഹമ്മദ് നഗറിലെ കൃഷി ഉത്പന്ന സമിതിയുടെ മൊത്തവിതരണ ചന്തയിൽ നിന്ന് എറണാകുളത്തെ വ്യാപാരി വാങ്ങിയ 25 ടൺ സവാളയുമായി ലോറി ഡ്രൈവർ മുങ്ങി.
കഴിഞ്ഞ 25ന് വൈകുന്നേരം മൂന്നിന് കെ.എൽ.02 എ.എസ്. 6300 ലോറിയിലാണ് 22 ലക്ഷം
രൂപയുടെ സവാള എറണാകുളത്തെ ബാസിൻ റോഡിലെ എ.എച്ച്.എസ് വെജിറ്റബിൾസ് ഉടമ അലി മുഹമ്മദ് സെയ്തിനു വേണ്ടി കയറ്റിയത്. 28ന് എറണാകുളത്ത് എത്തിച്ചേരേണ്ട ലോറി കാണാത്തതിനെ തുടർന്ന് ഡ്രൈവറുടെ മൊബൈലിൽ വിളിച്ചെങ്കിലും ബെല്ലടിക്കുന്നതല്ലാതെ ഫോണെടുക്കുന്നില്ലെന്ന് വ്യാപാരി പറഞ്ഞു. അഹമ്മദ് നഗറിലെ ഗണേഷ് ട്രാൻസ്പോർട്ട് കമ്പനി അധികൃതരുമായി ബന്ധപ്പെട്ടു. ലോഡുമായി നിൽക്കുന്ന വണ്ടിയുടെയും ഡ്രൈവറുടെയും സി.സി.ടിവി. ദൃശ്യങ്ങൾ അവർ അയച്ചുകൊടുത്തു. ലോഡ് കയറ്റി വന്ന ലോറി കളമശേരിയിലെ ഒരാളുടേതാണെന്ന് ഗണേഷ് ട്രാൻസ്പോർട്ട് അധികൃതർ പറഞ്ഞു. എന്നാൽ , തന്റെ വണ്ടിയല്ലെന്നാണ് ഇയാൾ പറയുന്നത്. സംഭവത്തിൽ ഇയാൾക്കും പങ്കുള്ളതായി വ്യാപാരി സംശയിക്കുന്നു.. എറണാകുളം സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർക്ക് പരാതി നൽകി.