
ആലുവ: എടയപ്പുറം കവലയിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത് അശാസ്ത്രീയമായിട്ടെന്ന് ആക്ഷേപം. കവലയുടെ വികസനത്തിനും അപകടങ്ങൾക്കും ഹൈമാസ്റ്റ് ലൈറ്റ് കാരണം ആകുമെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. കീഴ്മാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ അഞ്ച് ലക്ഷത്തിലേറെ രൂപ മുടക്കിയാണ് ഹൈസ്ക് ലാമ്പ് സ്ഥാപിച്ചത്.
എടയപ്പുറത്ത് നിന്നുള്ള പാത കുത്തനെയുള്ള കയറ്റത്തിന് ശേഷമാണ് മെയിൻ റോഡിലേക്ക് പ്രവേശിക്കുന്നത്. മെയിൻ റോഡിലും കൊടും വളവാണ്. ഈ ഭാഗത്തെ അപകടാവസ്ഥയിലുള്ള മരം മുറിക്കുകയും കച്ചവടക്കാരെ ഒഴിപ്പിക്കുകയും ചെയ്തതോടെ എടയപ്പുറത്ത് നിന്നും ആലുവയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് തടസമില്ലാതെ തിരിയാൻ സൗകര്യം ലഭിച്ചു. കുറ്റിച്ചെടികളും മറ്റും നീക്കി ഭൂമി നിരപ്പാക്കിയാൽ ആവശ്യത്തിലധം സ്ഥലം ലഭിക്കും. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നാട്ടുകാർ നൽകിയ പരാതിയിൽ കവല വികസനത്തിന് നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഹൈസ്റ്റ് ലാമ്പ് സ്ഥാപിച്ചത് വികസനത്തിന് തിരിച്ചടിയായെന്ന് നാട്ടുകാർ പറയുന്നു.
ഇരുവശത്തേക്കും വാഹനങ്ങൾ പോകുന്നതിന് സൗകര്യമൊരുക്കി മദ്ധ്യഭാഗത്ത് ലാമ്പ് സ്ഥാപിച്ചിരുന്നെങ്കിൽ ഭാവിയിലെ വികസനം യാഥാർത്ഥ്യമായേനെ. പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ സാന്നിദ്ധ്യത്തിലാണ് പോസ്റ്റ് സ്ഥാപിക്കുന്നതിന് സ്ഥലം നിശ്ചയിച്ചതെന്നാണ് പ്രാദേശിക ജനപ്രതിനിധികൾ പറയുന്നത്. ആവശ്യമെങ്കിൽ പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് നടപടിയെടുക്കുമെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.
ഉദ്ഘാടനം വൈകിട്ട്
തോട്ടുമുഖം എടയപ്പുറം കവലയിലെ ഹൈമാസ്റ്റ് ലാമ്പിന്റെ പ്രകാശോദ്ഘാടനം വൈകിട്ട് അഞ്ച് മണിക്ക് അൻവർ സാദത്ത് എം.എൽ.എ നിർവഹിക്കും. കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് അദ്ധ്യക്ഷത വഹിക്കും. മെമ്പറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ കുഞ്ഞുമുഹമ്മദ് സെയ്താലി സംസാരിക്കും.