കൊച്ചി: ആദ്യകാല പത്രപ്രവർത്തകനും പരിസ്ഥിതി സ്നേഹിയുമായിരുന്ന അന്തരിച്ച പി.വി. തമ്പിയുടെ സ്മരണയ്ക്കായി എൻവയൺമെന്റ് മോണിറ്ററിംഗ് ഫോറം ഏർപ്പെടുത്തിയ 23 ാമത് പരിസ്ഥിതി പുരസ്കാരത്തിന് പാലക്കാട് തെങ്കുറിശിയിൽ ഓട്ടോറിക്ഷ ഡ്രൈവറായ ശ്യാംകുമാർ അർഹനായി. സാധാരണക്കാരായ വ്യക്തികളുടെ അസാധാരണങ്ങളായ പരിസ്ഥിതി പ്രവർത്തനങ്ങൾക്കാണ് അവാർഡ് നൽകുന്നത്. പൊതുസ്ഥലങ്ങളിലും പാതയോരത്തുമായി 23000 ൽപ്പരം വൃക്ഷത്തൈകൾ നട്ടുപരിപാലിച്ചതാണ് ശ്യാംകുമാറിനെ അവാർഡിന് അർഹനാക്കിയത്. പക്ഷികൾക്കുവേണ്ടി പതിവായി കുടിവെള്ളം കരുതിവയ്ക്കാറുള്ള ശ്യാംകുമാറിനെ നാട്ടുകാർ വിളിക്കുന്നത് വനംമന്ത്രി എന്നാണ്. 25000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം അടുത്തമാസം കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ഫോറം സെക്രട്ടറി ഡോ.സി.ജെ. ജോൺ അറിയിച്ചു.