lalji
സ്വർണക്കടത്ത് കേസിൽ പിണറായി സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസ് മാർച്ചിൽ തള്ളിക്കയറാൻ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ കുഴഞ്ഞ് വീണ കൊച്ചി സിറ്റി പൊലീസ് അസി. കമ്മിഷണർ കെ. ലാൽജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

കൊച്ചി: സംസ്ഥാന സർക്കാരിനെതിരായ യൂത്തുകോൺഗ്രസ് പ്രതിഷേധസമരം നിയന്ത്രിക്കുന്നതിനിടെ സിറ്റി പൊലീസ് അസി. കമ്മീഷണർ കെ.ലാൽജി കുഴഞ്ഞുവീണു.

ഇന്നലെ ഉച്ചക്ക് 12.30 ന് കണയന്നൂർ താലൂക്ക് ഓഫീസിന് മുമ്പിലായിരുന്നു സംഭവം. ഡി.സി.സി. ഓഫീസിനു മുമ്പിൽ നിന്ന് ആരംഭിച്ച യൂത്തുകോൺഗ്രസ് പ്രകടനം താലൂക്ക് ഓഫീസിന് മുമ്പിൽ സമാപിച്ചശേഷമാണ് ധർണ ആരംഭിച്ചത്. പ്രധാനനേതാക്കളുടെ പ്രസംഗത്തിന് ശേഷം ധർണയിൽ പങ്കെടുത്ത നൂറോളം പ്രവർത്തകർ പൊലീസ് സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചു. അസി. കമ്മീഷണറുടെ നേതൃത്വത്തിൽ 75 ൽപ്പരം പൊലീസുകാരും സ്ഥലത്തുണ്ടായിരുന്നു. ജലപീരങ്കി ഉപയോഗിച്ച് പ്രതിഷേധക്കാരെ തുരത്തുന്നതിനിടെയാണ് ലാൽജി കുഴഞ്ഞുവീണത്. അദ്ദേഹത്തെ ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദം കൂടിയതാണ് കുഴഞ്ഞുവീഴാൻ കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഡി.സി.സി. ഓഫീസിനുമുമ്പിൽ നിന്ന് പ്രകടനം ആരംഭിച്ചപ്പോൾ മുതൽ ലാൽജിയും സംഘവും പ്രകടനക്കാർക്ക് മുമ്പിലുണ്ടായിരുന്നു.