
കൊച്ചി : നിയമസഭയിലെ അക്രമവുമായി ബന്ധപ്പെട്ട കേസിലെ നടപടികൾ അവസാനിപ്പിക്കാൻ നൽകിയ അപേക്ഷ തിരുവനന്തപുരം സി.ജെ.എം കോടതി തള്ളിയതിനെതിരായ സർക്കാരിന്റെ അപ്പീലിൽ കക്ഷി ചേരാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹർജി നൽകി.
കേസ് പിൻവലിക്കാനുള്ള പബ്ളിക് പ്രോസിക്യൂട്ടറുടെ അപേക്ഷയെ എതിർത്ത് താൻ നൽകിയ ഹർജി കൂടി പരിഗണിച്ചാണ് ഒക്ടോബർ 15 ന് സി.ജെ.എം കോടതി ഉത്തരവു നൽകിയത്..പൊതു മുതൽ നശിപ്പിക്കുന്നതു തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയിരുന്നു. ഇപ്പോൾ മന്ത്രിമാരും എം.എൽ.എമാരുമായ പ്രതികളുടെ സ്വാധീനം മൂലം കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ തീരുമാനം പൊതുതാല്പര്യത്തിനു വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബാർ കോഴക്കേസിൽ ആരോപണ വിധേയനായ മന്ത്രി കെ.എം. മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനെ നിയമസഭയിൽ പ്രതിരോധിച്ചതാണ് അക്രമത്തിൽ കലാശിച്ചത്. 2.20 ലക്ഷം രൂപയുടെ പൊതു മുതൽ നശിപ്പിച്ചെന്നാണ് കണ്ടെത്തിയത്. അപ്പീൽ നവംബർ മൂന്നിന് ഹൈക്കോടതി പരിഗണിക്കും..