ആലുവ: റൂറൽ ജില്ലാ പൊലീസിന്റെ ഡോഗ് സ്‌ക്വാഡിലേക്ക് രണ്ടു പേർ കൂടി എത്തി. മാർലിയും ബെർട്ടിയും. ബിൻ ലാദനേയും ബാഗ്ദാദിയേയും പിടികൂടാൻ അമേരിക്കൻ സേനയെ സഹായിച്ചതിലൂടെ പ്രശസ്തി നേടിയ ബെൽജിയൻ മലിനോയ്‌സ് ഇനത്തിൽപ്പെട്ടവളാണ് മാർലി. മോഷണം കൊലപാതകം തുടങ്ങിയ കേസുകളിൽ അന്വേഷണം നടത്തുന്ന ട്രാക്കർ വിഭാഗത്തിൽ പൊലീസ് അക്കാദമയിൽ ഒമ്പതു മാസത്തെ പരിശീലനത്തിനു ശേഷമാണ് മാർലി റൂറൽ സ്‌ക്വാഡിൻറെ ഭാഗമാകുന്നതെന്ന് ജില്ലാ പോലിസ് മേധാവി കെ.കാർത്തിക് പറഞ്ഞു. മികച്ച പരിശീലനത്തിനു ശേഷം ഒന്നാം സ്ഥാനം നേടിയാണ് ഇവരുടെ രംഗപ്രവേശം.
സ്‌ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിൽ നേടിയ പരിശീലനവുമായാണ് ബീഗിൽ ഇനത്തിൽപ്പെട്ട ബെർട്ടിയുടെ വരവ്. എയർപോർട്ടുകളിലും മറ്റും ഡ്യൂട്ടി ചെയ്യാൻ മിടുക്കിയാണ് ബെർട്ടി. ആദ്യമായാണ് ഇത്തരത്തിൽപ്പെട്ട നായകളെ കേരളാ പൊലീസിൽ എടുക്കുന്നത്. പഞ്ചാബ് ഹോം ഗാർഡ് ഡിപ്പാർട്ടുമെൻറിൽ നിന്നുമാണ് ഇവരെ വാങ്ങിയത്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സോമൻ പി, വി.കെ. സിൽജൻ, പ്രബിഷ് ശങ്കർ, വില്യം വർഗീസ് എന്നിവരാണ് ഇവരുടെ ഹാൻറ്‌ലർമാർ. ഇതോടെ കുറ്റകൃത്യം തെളിയിക്കുന്നതിനും, സ്‌ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിനും രണ്ട് നായകൾ വീതവും നിരോധിത ലഹരി വസ്തുക്കൾ കണ്ട് പിടിക്കുന്നതിന് ഒരു നായയും ഉൾപ്പടെ അഞ്ച് നായകൾ റൂറൽ ജില്ലയിലെ ഡോഗ് സ്‌ക്വാഡിൽ ഉണ്ടാകും.