anilkumar
അനിൽകുമാർ

 ഒരു പ്രതി​ ഒളി​വി​ൽ

തൃക്കാക്കര:സഹോദരനുമായുള്ള വസ്‌തു തർക്കവുമായി ബന്ധപ്പെട്ട് കൊല്ലം ഓയൂർ രേവതിയിൽ ദിവാകരൻ നായരെ (64) ഹണിട്രാപ്പിൽ കുടുക്കി കൊലപ്പെടുത്തിയ ക്വട്ടേഷൻ സംഘത്തിലെ സ്ത്രീ അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

പൊൻകുന്നം കായപ്പാക്കാൻ വീട്ടിൽ അനിൽകുമാർ (45), കോട്ടയം പന്നറ്റംകരയിൽ ചരളയിൽ വീട്ടിൽ രാജേഷ് (37), കോട്ടയം ആലിക്കൽ കണ്ണമല വീട്ടിൽ സഞ്ജയ് (23), തൃക്കണ്ണപുരം പാറവിള വീട്ടിൽ ഷാജഹാന്റെ ഭാര്യ ഷാനിഫ (55) എന്നിവരെയാണ് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് രാവി​ലെ കോടതി​യി​ൽ ഹാജരാക്കും. സംഘത്തി​ലെ കാസർകോട് സ്വദേശി ഒളിവിലാണ്.

ദിവാകരൻ നായരുടെ സഹോദരൻ മധുവിന്റെ മകന്റെ ഭാര്യാപിതാവായ അനിൽ കുമാറിന്റെ ക്വട്ടേഷൻ സംഘമാണ് കൊല നടത്തിയത്. സംഘം അമ്പതിനായിരം രൂപ അഡ്വാൻസ് വാങ്ങിയിരുന്നു.

ദിവാകരൻ നായരുടെ മൃതദേഹം കഴിഞ്ഞ ഞായറാഴ്ചയാണ് ഇൻഫോപാർക്ക് കരിമുഗൾ റോഡിൽ മെമ്പർപടിക്ക് സമീപം റോഡിൽ കണ്ടെത്തിയത്.

പൊലീസ് പറയുന്നത്

രണ്ടാം പ്രതി രാജേഷുമായി​ അടുപ്പമുള്ള ഷാനിഫയെ ഉപയോഗിച്ച് ദിവാകരൻ നായരെ ഹണി ട്രാപ്പിൽ കുടുക്കി ശനിയാഴ്ച ഓയൂരിൽ നിന്ന് കാക്കനാട്ടേക്ക് എത്തിക്കുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ആക്രമിക്കാനായിരുന്നു പ്ലാൻ. ദിവാകരൻ നായരുടെ കാർ കേടായതോടെ കണക്കുകൂട്ടൽ തെറ്റി. ഷാനി​ഫ ഇദ്ദേഹത്തെ പലതവണ വിളിച്ചതായി അന്വേഷണസംഘം കണ്ടെത്തി. ദിവാകരൻനായർ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറിൽ നിന്നാണ് പിന്തുടർന്ന ഇന്നോവ കാറിനെക്കുറിച്ചുള്ള നിർണായക വിവരം ലഭിക്കുന്നത്. തുടർന്നുള്ള അന്വേഷണം പ്രതികളിലേക്കെത്തി.

സ്വത്ത് തർക്കം പ്രശ്നമായി

സഹോദരൻ മധുവുമായി ഒരേക്കർ പതിനേഴു സെന്റ് ഭൂമിയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സഹോദരന് അനുകൂലമായി കോടതിവിധി വന്നെങ്കിലും ദിവാകരൻനായർ അപ്പീൽ നൽകി. മധുവിന് പണത്തിന്റെ അത്യാവശ്യം വന്നപ്പോൾ പ്രശ്നം ഒത്തുതീർക്കാൻ ശ്രമിച്ചയാളാണ് ഒന്നാംപ്രതി അനിൽകുമാർ. ദിവാകരൻ നായർ അനിൽകുമാറിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു.

കൊലപ്പെടുത്തിയത് വാഹനത്തിൽ

പ്രതികൾ വാടകയ്ക്കെടുത്ത ഇന്നോവയിൽ വച്ചാണ് ദിവാകരൻ നായർ കൊല്ലപ്പെട്ടത്. ഇന്നോവ കോട്ടയത്ത് കണ്ടെത്തി. ദി​വാകരൻ നായരുടെ വസ്ത്രമടങ്ങി​യ ബാഗും ഇന്നോവയി​ലുണ്ടായി​രുന്ന കാർപ്പെറ്റും പൊലീസ് കണ്ടെത്തി. കാർപ്പെറ്റി​ൽ ചോര പുരണ്ടി​രുന്നു.

ഇൻഫോപാർക്ക് സി.ഐ പ്രസാദ്,എസ്.ഐമാരായ എ.എൻ ഷാജു,മധു,സുരേഷ്,അമില എന്നിവരുടെ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.