nikhil
നിഖിൽ

കോതമംഗലം: മൂവാറ്റുപുഴ സ്വദേശിയെ ഹണി ട്രാപ്പിൽപ്പെടുത്താൻ ശ്രമിച്ചവരിൽ രണ്ടുപേർ കൂടി പൊലീസ് പിടിയിലായി. ഡി.ടി.പി സെന്റർ നടത്തിയിരുന്ന മുവാറ്റുപുഴ സ്വദേശിയെ ഇതേ സ്ഥാപനത്തിൽ മുമ്പ് ജോലി നോക്കിയിരുന്ന കുട്ടമ്പുഴ ഇഞ്ചത്തൊട്ടി സ്വദേശിനി ആര്യയാണ് (21) കോതമംഗലത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചത്. ഇവരെയും മറ്റ് നാല് പ്രതികളെയും കഴിഞ്ഞ ബുധനാഴ്ച പിടികൂടിയിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന കുട്ടമ്പുഴ കല്ലേലിമേട് സ്വദേശി തോമ്പായിൽ നിഖിൽ ടി.വി (24) കുറ്റിലഞ്ഞി സ്വദേശി പാറയ്ക്കൽ പുത്തൻപുര അഷ്കർ (21) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഇവർ ബുധനാഴ്ച പൊലീസിനെ വെട്ടിച്ച് കാറുമായി കടന്നുകളയുകയായിരുന്നു. ഇനിയും രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്നും സൈബർ സെല്ലിന്റെ സഹായത്തോടെ തെരച്ചിൽ വ്യാപകമാക്കിയിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.