 
നെടുമ്പാശേരി: ലാളിത്യം ജീവിതശൈലിയാക്കിയ മലയാളത്തിൻെറ പ്രിയകവി എൻ.കെ. ദേശത്തിന് ഇന്ന് 84-ാം ജന്മദിനം. കൊവിഡ് കാലമായതിനാൽ ആഘോഷങ്ങളൊന്നുമില്ലാതെയാണ് ജന്മദിനം കടന്നുപോകുന്നത്. തിങ്കൾ കാർത്തികയാണ് ജന്മനക്ഷത്രം. അന്ന് ദേശത്തെ ക്ഷേത്രത്തിൽ വഴിപാട് മാത്രം. ഇന്ന് തിരുവനന്തപുരം സ്വദേശിനിയായ ഒരു യുവഎഴുത്തുകാരിയുടെ പുസ്തകം പ്രകാശനം ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്. അതുമാത്രമാണ് ഇന്നത്തെ പ്രധാന പരിപാടി. അടുത്തിടെ അങ്കമാലി കോതകുളങ്ങരയിൽ നിർമ്മാണം പൂർത്തിയാക്കിയ വീട്ടിലാണ് എൻ.കെ. ദേശവും ഭാര്യ ലീലാവതിയും താമസിക്കുന്നത്. ദേശത്തെ വീട്ടിൽ മകനും കുടുംബവുമാണ്. അടുത്ത ശിക്ഷ്യന്മാർ പിറന്നാൾ ആഘോഷത്തെ കുറിച്ച് സൂചിപ്പിച്ചെങ്കിലും കാലം മോശമായതിനാൽ വേണ്ടെന്നായിരുന്നു ദേശത്തിന്റെ നിർദ്ദേശം.
കവിയെന്ന നിലയിൽ സാംസ്‌കാരിക ലോകം ആദരിക്കുമ്പോഴും എൻ. കുട്ടികൃഷ്ണപിള്ളയെന്ന എൻ.കെ. ദേശത്തെ നാട്ടിൽ മണിച്ചേട്ടനെന്നാണ് എല്ലാവരും ആദരവോടെ വിളിക്കുന്നത്. 1936 ഒക്ടോബർ 31നു ആലുവയിലെ ദേശം ഗ്രാമത്തിലായിരുന്നു ജനനം. പിതാവ് പടിഞ്ഞാറെ വളപ്പിൽ പി.കെ. നാരായണപിള്ളയും മാതാവ് പൂവത്തുംപടവിൽ കുഞ്ഞുക്കുട്ടിപ്പിള്ളയുമാണ്. മലയാളത്തിൽ ബി.എ. ബിരുദം നേടി. 1960 മുതൽ ലൈഫ് ഇൻഷ്വറൻസ് കോർപറേഷനിൽ സേവനമനുഷ്ഠിച്ചു. മുദ്ര എന്ന കൃതിക്ക് 2009ലെ കേരള സാഹിത്യ അക്കാദമിയുടെ ഓടക്കുഴൽ പുരസ്‌കാരം ലഭിച്ചു.
ചെങ്ങമനാട് ദേശം എന്ന പ്രദേശത്തെ മലയാളഭാഷയുടെ ഭാഗമാക്കി മാറ്റിയ കവി ഇന്നും വൃത്തങ്ങളോടെ കവിതയെഴുത്തുന്നയാളാണ്. ഇന്നത്തെ ഗദ്യകവിതകൾ കാണുമ്പോൾ വല്ലാത്ത അസ്വസ്ഥതകളാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം തുറന്നു പറയുന്നു. സാഹിത്യത്തെ ഏതെങ്കിലും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽ മാത്രമായി തളച്ചിടുവാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അതിനാലാണ് യുവകലാസാഹിതിയുടേയും പുരോഗമനകലാസാഹിത്യസംഘത്തിൻേറയും തപസ്യയുടേയും പരിപാടികളിൽ അദ്ദേഹം ഒരു പോലെ പങ്കെടുക്കുന്നത്. ശുദ്ധമായ ഭാഷയിൽ വൃത്തത്തോടെ കവിതയെഴുതുന്ന കവികൾ ഇന്ന് മലയാളത്തിൽ വളരെ കുറവാണ്. ഒരിക്കൽ അക്കിത്തം അച്യുതൻ നമ്പൂതിരി ചൂണ്ടിക്കാട്ടിയതുപോലെ വൈലോപ്പിളളിയുൾപ്പെടെയുളള കവികളുടെ കൂട്ടത്തിൽ എൻ.കെ.ദേശവും ഉൾപ്പെടുന്നുവെന്ന് പറഞ്ഞാൽ അത് യാഥാർത്ഥ്യത്തിന് നിരക്കുന്നതാണ്.
ആരോഗ്യപ്രശ്‌നങ്ങളില്ലായിരുന്നുവെങ്കിൽ ആലുവ മേഖലയിലെ ചെറിയൊരു സാഹിത്യസദസിൽ പോലും അദ്ദേഹത്തിൻെറ സാന്നിദ്ധ്യമുണ്ടാകുമായിരുന്നു. സ്‌കൂൾ വിദ്യാർത്ഥികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി 'കേരളകൗമുദി' നടപ്പാക്കിയ എന്റെ കൗമുദി പദ്ധതിയുടെ ആലുവ താലൂക്കുതല ഉദ്ഘാടനത്തിനും മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.