 
കോലഞ്ചേരി: കടമറ്റം ഏനാദി പാടശേഖരത്തിൽ നടക്കുന്നത് പകൽകൊള്ള. കേസ് നിലനിൽക്കെ അധികൃതരുടെ ഒത്താശയോടെ സ്വകാര്യ വ്യക്തി കൊവിഡിന്റെ മറവിൽ നിലം നികത്തി വില്ലകൾ നിർമ്മിച്ചതായാണ് പരാതി. പാടശേഖരത്തിലേയ്ക്കുള്ള നടപ്പു വഴി അടച്ചുകെട്ടി. നേരെ ഇറങ്ങിക്കൊണ്ടിരുന്ന പാടത്തേയ്ക്കെത്താൻ ഇനി കിലോമീറ്ററുകൾ താണ്ടേണ്ട ഗതികേടിലാണ് കർഷകർ. കൊവിഡ് തിരക്കുകളുമായി ഉദ്യോഗസ്ഥർ മാറിയത് മുതലാക്കിയാണ് രാത്രിയുടെ മറവിൽ ഏക്കറു കണക്കിന് നെല്പാടം നികത്തിയെടുത്തത്. ഇവിടെ വില്ലകൾ പണിത് വില്പനയ്ക്ക് തയ്യാറാക്കുകയും ചെയ്തു. പാടശേഖരത്തിലേയ്ക്കുള്ള തോടും നടവഴിയും കൈയ്യേറി അടച്ചുകെട്ടിയാണ് നിർമ്മാണം. തോടിനു സമീപമുള്ള വരമ്പു വഴിയാണ് കർഷകർ പാടത്തേക്ക് ഇറങ്ങിയിരുന്നത്. ഇതു വഴി ട്രാക്റ്ററും, ടില്ലറും പാടത്തിറക്കിയിരുന്നു. കഴിഞ്ഞ ദിവസം ഗുണ്ടാ സംഘങ്ങളുടെ പിൻബലത്തോടെയാണ് തോടി കൈയേറി വഴിയടച്ചത്.
നാട്ടുകാർ നല്കിയ പരാതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി നേരത്തെ സ്റ്റോപ്പ് മെമ്മോ നല്കിയിരുന്നു. ഇതിനു പുല്ലു വില നല്കിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. കർഷകനും, പാടശേഖര സമിതി സെക്രട്ടറിയുമായ സദാനന്ദൻ ഹൈക്കോടതിയിൽ നല്കിയ ഹർജിയിൽ പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി വിശദമായ റിപ്പോർട്ട് നൽകുവാൻ കോടതി ജില്ലാ,റവന്യൂ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
തോടടച്ചത് വിനയാകും
വില്ലേജ്,കൃഷി ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ പ്രാഥമിക അന്വേഷണത്തിൽ 2008 ലെ നെൽവയൽ നീർത്തട സംരക്ഷണ നിയമം ലംഘിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതെതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം റിപ്പോർട്ടും നൽകിയിട്ടുണ്ട്. മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം തടസമില്ലാതെ മൂവാറ്റുപുഴയാറിലേയ്ക്ക് ഒഴുകുന്നത് ഇതുവഴിയുള്ള തോടുകൾ വഴിയാണ്. തോടടച്ചതോടെ പ്രദേശത്ത് വെള്ളക്കെട്ട് വ്യാപകമാകും.
നടപ്പു വഴി അടച്ചുകെട്ടി
പാടശേഖരത്തിന് സമീപം താമസിക്കുന്ന നൂറിലധികം വരുന്ന കുടുംബങ്ങളുടെ മുഖ്യ വരുമാനം നെൽകൃഷിയാണ്. ഇവിടുത്തുകാർ കടമറ്റത്തെ പ്രധാന ജംഗ്ഷനിലേക്കെത്തുന്നതും സ്ഥലമുടമ അടച്ചു കെട്ടിയ വഴിയിലൂടെയാണ്. കൈയ്യേറിയ തോടിനു മുകളിൽ സ്ളാബിട്ട് വഴിയൊരുക്കാമെന്നാണ് കൈയ്യേറ്റക്കാരന്റെ വാദം. എന്നാൽ പൊതു വഴി കൈയേറിയ സ്ഥലത്ത് സ്ളാബിടുന്നതിനും നിയമ തടസങ്ങളേറെയാണ്.